മുംബൈ: കമന്റേറ്റർമാരാകാൻ തയ്യാറായി മുൻ ക്രിക്കറ്റർമാരായ ഹർഭജൻ സിംഗും എസ് ശ്രീശാന്തും. ഐപിഎൽ ചരിത്രത്തിൽ 2008ലെ കുപ്രസിദ്ധമായ ‘സ്ലാപ്ഗേറ്റിന്’ ശേഷമാണ് ഇരുവരും വീണ്ടുമെത്തുന്നത്. ഐപിഎല്ലിന്റെ പുതിയ പതിപ്പിലാണ് ഇരുവരും കമന്ററി പാനലിലെത്തുക.
ഐപിഎല്ലിന്റെ പതിനാറാം പതിപ്പിലാണ് ശ്രീശാന്തും ഹർഭജനും ഒപ്പം മുഹമ്മദ് കൈഫും കമന്ററി പാനലിലെത്തുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
ഐപിഎല്ലിന്റെ 2008 ലെ സീസണിലാണ് ഹർഭജൻ സിംഗും എസ് ശ്രീശാന്തും തമ്മിൽ അതി നാടകീയമായ പ്രശ്നങ്ങളുണ്ടായത്. അന്ന് ഹർഭജൻ സിംഗ് മുംബൈ ഇന്ത്യൻസ് താരമായിരുന്നു. മത്സര ശേഷം കിംഗ്സ് ഇലവൻ പഞ്ചാബ് താരമായ ശ്രീശാന്തിന്റെ മുഖത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു ഹർഭജൻ. സംഭവശേഷം ഏറെക്കാലം ഇരുവരും തമ്മിൽ സംസാരിച്ചിരുന്നില്ല.
എന്നാൽ പുതിയ വാർത്തകൾ ആരാധകർക്ക് ഏറെ സന്തോഷം തരുന്നതാണ്. ഇരുവരും ഉറ്റ സുഹൃത്തുക്കളായി കമന്ററി പാനലിൽ കാണാനാകും. ഇതോടെ ഐപിഎൽ പതിനാറാം സീസണിനെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ ഏറുകയാണ്. മാർച്ച് 31നാണ് ഐപിഎല്ലിന്റെ പതിനാറാം പതിപ്പ് ആരംഭിക്കുന്നത്.
Comments