കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങി സിനിമാലോകം. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് 3.30 മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് നാളെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇന്നസെന്റ്. ഇന്നലെ രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. 75 വയസ്സായിരുന്നു.
1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽക്കാലത്ത് ഹാസ്യനടനായും സ്വഭാവനടനായും ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. 750 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.
സിനിമയ്‌ക്കൊപ്പം രാഷ്‌ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഇന്നസെന്റ്. 2014 ൽ ചാലക്കുടിയിൽ നിന്നും എൽഡിഎഫ് പിന്തുണയോടെ ലോക്സഭയിലെത്തി. 2013-ൽ അദ്ദേഹത്തിന് ക്യാൻസർ പിടിപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടർന്ന് ക്യാൻസർ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം എഴുതിയിരുന്നു. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അദ്ധ്യക്ഷ സ്ഥാനവും അലങ്കരിച്ചിരുന്നു.
Comments