ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരവാഴ്ചയെ എതിർത്ത ആദ്യകാല വ്യക്തികളിൽ ഒരാളായിരുന്നു തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലു തമ്പി ദളവ. ബാലരാമവർമ്മ കുലശേഖര പെരുമാളിന്റെ കാലത്ത് തിരുവിതാംകൂറിന്റെ ദളവയായിരുന്നു അദ്ദേഹം. 1802 – 1809 കാലഘട്ടത്തിലാണ് ആദ്ദേഹം തിരുവിതാംകൂറിന്റെ ദളവയായി സേവനമനുഷ്ടിച്ചത്. വിവധ ഭരണപരഷ്‌കാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് നടന്നു. കേരള ചരിത്രത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കാത്ത പേരാണ് വേലുതമ്പി ദളവയുടേത്.
തലക്കുളത്തെ കുഞ്ഞുമായാട്ടി പിള്ളയുടെയും ഭാര്യ വള്ളിയമ്മ പിള്ള തങ്കച്ചിയുടെയും മകനായാണ് വേലായുധൻ തമ്പിയുടെ ജനനം. 1765 മേയ് 6-ന് അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തലക്കുളം ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇടപ്രഭു കുലോതുംഗ കതിർക്കുളത്ത് മുളപ്പട അരശരണൻ ഇരയണ്ടാ തലക്കുളത്ത് വലിയ വീട്ടിൽ തമ്പി ചെമ്പകരാമൻ വേലായുധൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. രാജ്യത്തെ ചെറിയ പ്രവശ്യ ഭരിച്ചിരുന്ന് കൂടുംബാംഗമായതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. ചെമ്പകരാമൻ എന്നത് ഇത്തരത്തിൽ രാജാവ് നൽകുന്ന സ്ഥാനപ്പേരാണ്. ധർമ്മരാജ രാമവർമ്മ മഹാരാജാവിന്റെ ഭരണത്തിന്റെ തുടക്കത്തിൽ മാവേലിക്കര തഹസിൽദാരായി നിയമിക്കപ്പെട്ടു.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ. 1808 ൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചെറുചലനം പോലും തുടങ്ങും മുമ്പ് തിരുവിതാംകൂർ ദളവയായിരുന്ന വേലു തമ്പി കുണ്ടറ വിളംബരം നടത്തുകയും അതിലൂടെ സ്വാതന്ത്രൃവാഞ്ഛയുടെ അഗ്‌നി പകരുകയും ചെയ്തു.
കുണ്ടറ വിളംബരത്തിലൂടെയാണ് വേലു തമ്പി ബ്രിട്ടീഷുകാർക്കെതിരെ സമരാഹ്വാനം നടത്തിയത്. 1805-ൽ തിരുവിതാംകൂർ ദളവയായിരിക്കെ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. തിരുവിതാംകൂറിന്റെ സാമ്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കമ്പനി ഉടൻ കപ്പം അടച്ചുതീർക്കണമെന്ന് വാശിപിടിച്ചു. ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവെച്ച മാത്തുതരകന്റെ വസ്തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കി ഈ സംഭവങ്ങൾ കമ്പനിക്കെതിരെ സായുധ കലാപം സംഘടിപ്പിക്കാൻ വേലു തമ്പിയെ പ്രേരിപ്പിച്ചത്.
മെക്കാളെയുമായി ശത്രുത വെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പി ദളവ ഒരു രഹസ്യധാരണയിലെത്തി. മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടത്തിൽ പിന്തുണയഭ്യർത്ഥിക്കുകയും ചെയ്തു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. എന്നാൽ റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. കലാപം നടന്നുകൊണ്ടിരിക്കെ വേലുത്തമ്പി കുണ്ടറയിലെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വിളംബരം 1809 ജനുവരി 11 ന് അദ്ദേഹം പുറത്തിറക്കി. ഇതാണ് കുണ്ടറ വിളംബരം എന്ന് പ്രസിദ്ധി നേടിയത്. ഇന്ന് ദക്ഷിണേന്ത്യയിലെ കോളനി വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിൽ ഒരു യുഗപിറവിയുടെ ശംഖനാദമായാണ് കുണ്ടറ വിളംബരം വിലയിരുത്തപ്പെടുന്നത്.
എന്നാൽ ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. അവർ കൊച്ചി ആക്രമിച്ചു. പാലിയത്തച്ചന്റെ പിന്മാറ്റവും വേലുത്തമ്പിയുടെ സ്ഥാനഭ്രഷ്ടും കേരള ചരിത്രത്തിലെ കയ്യ്പ്പുനീരായി തുരുകയാണ്. വേലുത്തമ്പിയ്‌ക്ക് പകരം എത്തിയ ഉമ്മിണിതമ്പി വേലുത്തമ്പിയെ പിടികൂടാൻ ഉത്തരവിട്ടു. അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. അവിടെ നിന്നും പലായനം ചെയ്ത വേലുത്തമ്പി മണ്ണടിയിലെ ഇളമ്പള്ളൂർ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചെങ്കിലും സൈന്യം അവിടം വളഞ്ഞപ്പോൾ ജീവനോടെ പിടികൊടുത്ത് അപമാനിതനാകാൻ ആഗ്രഹിക്കാത്ത് മനസ്സ സ്വചന്ദമൃത്യു തിരഞ്ഞെടുത്തു.
1765 ൽ ജനിച്ച വേലുത്തമ്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി. രാജ്യത്തുടനീളം ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ക്രമസമാധാനം നിലനിർത്താനും നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ ധീരവും സാഹസികവുമായ ചെറുത്തുനിൽപ്പിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു. അടൂരിലെ മണ്ണടിയിൽ ഇന്ന് വേലുത്തമ്പി സ്മാരകമുണ്ട്. 2010 മെയ് മാസം 6-ാം തീയതി വേലുത്തമ്പി ദളവയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരതം ആ ധീരസ്വാഭിമാനിയെ ആദരിച്ചു.
Comments