ന്യൂഡൽഹി : ഇന്ത്യയുടെ സെമി-ഹൈ-സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ വന്നതിനുശേഷം, യാത്രക്കാർക്ക് യാത്ര വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. കേന്ദ്രസർക്കാർ കൂടുതൽ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ വന്ദേഭാരത് എക്സ്പ്രസിനെതിരെ കല്ലേറുണ്ടാകുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ മുന്നറിയിപ്പ് നൽകി.
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് കുറ്റകരമാണെന്നും സൗത്ത് സെൻട്രൽ റെയിൽവേ വാർത്താക്കുറിപ്പിൽ പറയുന്നു . റെയിൽവേ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഇതിൽ 5 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്. തെലങ്കാനയിലെ വിവിധ സ്ഥലങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങൾ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ ഈ മുന്നറിയിപ്പ് നൽകിയത്. കാസിപേട്ട്, ഖമ്മം, കാസിപേട്ട്-ബോംഗിർ, ഏലൂർ-രാജമുണ്ട്രി എന്നീ സ്ഥലങ്ങളിലും ട്രെയിനു നേരെ ആക്രമണമുണ്ടായി. . ഈ വർഷം ജനുവരി മുതൽ ഇത്തരത്തിലുള്ള ഒമ്പത് സംഭവങ്ങൾ ഉണ്ടായി.
അടുത്ത കാലത്തായി വന്ദേ ഭാരത് ട്രെയിനുകൾ സാമൂഹിക വിരുദ്ധർ ലക്ഷ്യമിടുന്നതായി സൗത്ത് സെൻട്രൽ റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ 39 പേരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളും കല്ലെറിയുന്ന സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതിനാൽ നല്ല വിദ്യാഭ്യാസം നൽകുകയും കുട്ടികളെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്താൻ അവരെ നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിലെ ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും മുതിർന്നവരുടെയും ഉത്തരവാദിത്തമാണെന്നും സൗത്ത് സെൻട്രൽ റെയിൽവേ പറയുന്നു .
ഈ വർഷം ജനുവരി മൂന്നിന് വൈകുന്നേരം ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിനു നേരെ മാൾഡ ജില്ലയിലെ കുമാർഗഞ്ചിനു സമീപം വച്ച് കല്ലേറുണ്ടായി. കല്ലേറിനെത്തുടർന്ന് ട്രെയിനിന്റെ സി-13 കോച്ചിന്റെ വാതിലിനു കേടുപാടുകൾ സംഭവിക്കുകയും ജനൽ തകരുകയും ചെയ്തു.
Comments