മുംബൈ: ഐപിഎല്ലിൽ ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കരാനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും മലയാളി പേസറുമായ സന്ദീപ് വാര്യരാണ് ബുമ്രയ്ക്ക് പകരക്കാരനാകുക. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിന് വേണ്ടിയാണ് നിലവിൽ സന്ദീപ് കളിക്കുന്നത്.
നടുവിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബുമ്ര കളിച്ചിരുന്നില്ല. ശസ്ത്രക്രിയക്ക് വിധേയനായതോടെ ഐപിഎൽ പൂർണമായും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പകരക്കാരനെ മുംബൈ ഇന്ത്യൻസ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. മുംബൈയിൽ നടക്കുന്ന ടീമിന്റെ പരിശീലനത്തിൽ ബുമ്ര എത്തിയിരുന്നു.
ഒരു ടി20 മത്സരവും ഐപിഎല്ലിൽ കൊൽക്കത്തക്കായി അഞ്ച് മത്സരവും കളിച്ചിട്ടുള്ള താരമാണ് സന്ദീപ് വാര്യർ. 50 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ജോഫ്ര ആർച്ചറാണ്് ഇത്തവണ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷ.
2013- ൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി അരങ്ങേറ്റ മത്സരം കളിച്ച താരം 2020 മുതലാണ് തമിഴ്നാടിന് വേണ്ടി കളിക്കാൻ തുടങ്ങിയത്. ടി20 മത്സരങ്ങളിൽ 62 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സന്ദീപ് ഐപിഎല്ലിൽ കൊൽക്കത്തക്കായി അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് നേടി. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈ ഇന്ത്യൻസിലുണ്ട്. സന്ദീപ് കൂടി എത്തുന്നതോടെ മുംബൈ ടീമിലെ മലയാളി സാന്നിധ്യം രണ്ടായി.
Comments