ഗായകനും നടനും സംവിധായകനുമായെല്ലാം തിളങ്ങി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വളരെപ്പെട്ടന്നാണ് ചർച്ചയാകാറുള്ളത്. തന്റെ സിനിമാ തിരക്കുകൾക്ക് ഇടയിലും കുടുംബത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന നടനാണ് വിനീത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിനീത് പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.
”ദിവ്യയും ഞാനും പ്രണയിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷം തികയുകയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൗമാരത്തിൽ കണ്ടുമുട്ടിയ അന്നുമുതൽ ഒരുമിച്ചുനിൽക്കുകയാണ് ഞങ്ങൾ. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ അവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയനാണ്, എന്നെ സംബന്ധിച്ചിടത്തോളം നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫിൽ ഗുഡ് സിനിമകളാണ്. ”
”ചില രാത്രിയിൽ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോൾ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന് ദിവ്യ പറയും. നിനക്കെങ്ങനെ മനസ്സിലായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന ചോദ്യത്തിന് എന്റെ ശ്വാസമെടുക്കുന്നതിൽ നിന്ന് അത് മനസ്സിലാകും എന്നാണ് അവൾ മറുപടി നൽകുക. എന്റെ ചെറിയ കാര്യങ്ങൾ അവൾ എങ്ങനെ ശ്രദ്ധിക്കുന്നു, ! ഹാപ്പി ആനിവേഴ്സറി ദിവ്യ !! ” വിനീത് ശ്രീനിവാസൻ കുറിച്ചു.
Comments