മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും കൂടുതൽ കാർ കളക്ഷനുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയെ പോലെ തന്നെ തികഞ്ഞ ഒരു വാഹനപ്രേമിയാണ് ദുൽഖറും. അച്ഛന്റെയും മകന്റെയും വാഹന കളക്ഷകനെപ്പറ്റിയും വണ്ടി ഭ്രാന്തിനെപ്പറ്റിയും അറിയാത്ത മലയാളികളുണ്ടാവില്ല. ഇപ്പോഴിതാ, ദുൽഖർ സൽമാൻ സ്വന്തമാക്കിയ പുതിയ വാഹനത്തെപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. തന്റെ വാഹന വ്യൂഹത്തിലേക്ക് മെഴ്സിഡീസിന്റെ മറ്റൊരു സൂപ്പർ കാർ കൂടി എത്തിയിരിക്കുകയാണ്. മെയ്ബ ജിഎൽഎസ് 600 ആണ് ദുൽഖർ സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം. മെയ്ബ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമാ താരമാണ് ദുൽഖർ.
മമ്മൂട്ടിയുടെ പേരിൽ കോട്ടയം റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപയും ദുൽഖർ മുടക്കി. മമ്മൂട്ടിയുടെ ഇഷ്ട നമ്പറായ 369 തന്നെയാണ് മെയ്ബയുടെ നമ്പറും. ഏകദേശം 3 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. 2021-ലാണ് മെയ്ബ ജിഎൽഎസ് 600 ഇന്ത്യയിൽ അവതരിപ്പിച്ചത്. രൺവീർ സിംഗ്, കൃതി സനോൺ, അർജുൻ കപൂർ, നീതു സിംഗ്, രാം ചരൺ തുടങ്ങിയവരെല്ലാം അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ബെൻസ് ജി 63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽഖർ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ ആഡംബര എസ്യുവിയുവിയും ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്.
ജിഎൽഎസിൽ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണിത്. നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുന്നു. ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.
Comments