പട്ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിഹാറിൽ. രാമനവമി ദിനത്തിൽ സസാറാമിലുണ്ടായ സംഘർഷങ്ങളിലെ സ്ഥിതിഗതികൾ അമിത് ഷാ നേരിട്ട് വിലയിരുത്തും. നവാഡയിൽ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ സംഘർഷം തുടരുന്നതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ നിർണ്ണായക സന്ദർശനം.
സന്ദർശനത്തിന് മുന്നോടിയായി സസാറാം, നവാഡ ഉൾപ്പടെ വിവിധ ഇടങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാമനവമി ദിനത്തിൽ വിവിധ മേഖലകളിൽ ഉണ്ടായ സംഘർഷ സാഹചര്യത്തിൽ കേന്ദ്രം ബിഹാർ സർക്കാരിനോട് റിപ്പോർട്ട് തേടി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
ഇന്നലെ വൈകുന്നേരം ബിഹാറിലെത്തിയ ആഭ്യന്തര മന്ത്രി സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാമനവമി ദിനത്തിൽ പശ്ചിമബംഗാളിലെയും ബിഹാറിലെയും വിവിധ മേഖലകളിൽ സംഘർഷങ്ങൾ ഉണ്ടായി. ബിഹാറിലെ സസാറാമിൽ കഴിഞ്ഞദിവസം രാത്രിയോടെ ബോംബ് സ്ഫോടനമുണ്ടായി. സംഘർഷത്തിന് പിന്നാലെ ഇവിടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതേതുടർന്ന് സസാറാമിൽ നടക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരിപാടി ആദ്യം റദ്ദാക്കിയിരുന്നു.
Comments