അബുദാബി: എത്തിഹാദ് റെയിലിന്റെ വാണിജ്യ ചരക്ക് സേവനങ്ങൾ പൂർണ്ണമായും പ്രവർത്തന സജ്ജമായതായി കമ്പനി അറിയിച്ചു. യുഎഇയിലുടനീളം ഏത് തരത്തിലുള്ള ചരക്കുകളും കൊണ്ടുപോകാൻ സാധിക്കുമെന്ന് എത്തിഹാദ് റെയിൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അബുദാബി മുതല്‍ ഫുജൈറ വരെ 900 കിലോമീറ്റര്‍ നീളത്തിലാണ് എത്തിഹാദ് റെയില്‍ പാത നിര്‍മിച്ചിരിക്കുന്നത്. എല്ലാ യുഎഇ എമിറേറ്റുകളിലൂടെയും എത്തിഹാദ് റെയില്‍ കടന്നു പോകുന്നു. യുഎഇയിലെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ചരക്ക് ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് റെയില്‍ ശൃംഖല. ഇപ്പോൾ ചരക്ക് ഗതാഗതം പൂർണമായും പ്രവർത്തനസജ്ജമായതായി കമ്പനി അറിയിച്ചു.
ഒരു മാസം മുമ്പാണ് യുഎഇ ദേശീയ റെയില്‍ ശൃംഖലയായ എത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് തീവണ്ടി സര്‍വീസിന് തുടക്കമായത്. വര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഈ റെയില്‍ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകും. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടുപോകാനും റെയില്‍വേക്ക് ശേഷിയുണ്ടാകും. റെയില്‍വേയുടെ ആദ്യഘട്ടത്തില്‍ ആയിരം വാഗണുകളില്‍ 38 ഗുഡ്സ് ട്രെയിനുകള്‍ ചരക്ക് സര്‍വീസ് നടത്തും. അബുദാബിയില്‍ നിന്ന് ദുബായിയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറ് മിനിറ്റ് കൊണ്ടും തീവണ്ടിയില്‍ എത്തിച്ചേരാനാകും.
Comments