ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. തുടർച്ചയായി രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് നിർമ്മല സീതാരാമൻ വിമർശിച്ചു.
പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളിൽ നിന്ന് രാഹുൽ ഒരു പാഠവും പഠിക്കുമെന്ന് തോന്നുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ സംസ്ഥാന ബിജെപി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ.
കർണ്ണാടകയ്ക്ക് ബിജെപി ഉറപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തിന് അനുവദിച്ച ധനസഹായത്തെക്കുറിച്ചും ധനമന്ത്രി സംസാരിച്ചു. ആർബിഐ പോളിസി നിരക്കുകൾ മാറ്റാതെ നിലനിർത്തുന്നതിനെ കുറിച്ചും നിർമ്മല സീതാരാമൻ പറഞ്ഞു.
ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ. കോൺഗ്രസ് സർക്കാർ രാജസ്ഥാനിലും ഛത്തീസ്ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. കേരളത്തിൽ വിഴിഞ്ഞം പദ്ധതി അദാനിക്ക് കൈമാറിയതും കോൺഗ്രസ് സർക്കാരാണ്. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments