അടുത്തിടെ മലയാള സിനിമയിൽ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. നൂറ് കോടി ക്ലബിൽ ഇടം നേടിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബിഗ് സ്ക്രീനിലെ ഗംഭീര വിജയത്തിന് ശേഷം സിനിമ ഒടിടിയിലും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. നൂറനാട് സ്വാതി തിയറ്ററിൽ ചിത്രം 100 ദിവസം പ്രദർശനവും പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ, സിനിമയുടെ നൂറാം ദിവസം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകർ.
സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് മാളികപ്പുറം ടീം നൂറാം ദിവസം ആഘോഷിക്കാൻ ഒരുങ്ങുന്ന വിവരം പങ്കുവെച്ചത്. മാളികപ്പുറത്തിന്റെ പ്രദർശനം നൂറ് ദിവസം തികയുന്ന നാളെ(ശനിയാഴ്ച) സിനിമയുടെ ഷോ നടക്കുന്ന നൂറനാട് സ്വാതി തിയറ്ററിൽ വെച്ചാണ് ആഘോഷം നടക്കുക. മാളികപ്പുറം ടീം മുഴുവൻ തിയറ്ററിലെത്തുമെന്നും അഭിലാഷ് പിള്ള പറഞ്ഞു. വൈകുന്നേരം 6.30-നാണ് ആഘോഷം നടക്കുക.
2022 ഡിസംബർ 30-നാണ് മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Comments