ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിർമ്മാണത്തിന് നിർദേശം നൽകാൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘം . രാമനവമിയിൽ രാംലാലയിൽ സൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണ് ക്ഷേത്രനിർമ്മാണം . ഇതിനനുസരിച്ചുള്ള നിർദേശങ്ങൾ നൽകാനാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘം എത്തുന്നത് .
ബഹിരാകാശ വകുപ്പിലെയും മറ്റ് സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞർ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം കാമേശ്വര് ചൗപാൽ പറഞ്ഞു. ഇതനുസരിച്ച് രാംലാലയുടെ വിഗ്രഹത്തിന്റെ ഉയരവും തീരുമാനിക്കും. 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമായ പരമാനന്ദ ഗിരി മഹാരാജ് പറഞ്ഞു. 2024 ജനുവരിയിൽ, സൂര്യൻ ഉത്തരായനത്തിലായ ശേഷം, രാംലാലയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിക്കും.
രാമക്ഷേത്രപരിസരത്ത് പഞ്ച്ദേവ് ക്ഷേത്രവും നിർമ്മിക്കുന്നുണ്ട് . ഈ ക്ഷേത്രത്തിൽ ഗണപതി, മാ ഭവാനി, ഭഗവാൻ ശങ്കരൻ, ഹനുമാൻ, സൂര്യദേവൻ, കൂടാതെ വനവാസകാലത്ത് ശ്രീരാമനുമായി സമ്പർക്കം പുലർത്തിയ സന്യാസിവര്യന്മാരുടെ പ്രതിഷ്ഠകളും ഉണ്ടാകും. മാതാ ശബരി, ജടായു, നിഷാദ് രാജ്, അഗസ്ത്യ മുനി, വിശ്വാമിത്ര മുനി, വസിഷ്ഠ മഹർഷി, വാൽമീകി, ദേവി അഹല്യ തുടങ്ങിയവരുടെ വിഗ്രഹങ്ങളാകും സ്ഥാപിക്കുക.
പഞ്ച്ദേവ് ക്ഷേത്രം മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മിക്കുക. . ആദ്യഘട്ട നിർമാണത്തിനുള്ള അടിത്തറ പാകി. പഞ്ചദേവ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ശേഷം, ഭക്തർക്ക് രാംലാലയെ ദർശിക്കാനും പ്രദക്ഷിണം ചെയ്യാനും പഞ്ച്ദേവ് ക്ഷേത്രത്തിലും ആരാധിക്കാനും കഴിയും. 2025-ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.
Comments