മത്സ്യം കഴിക്കുന്നവരാണെങ്കിൽ അവർക്ക് ഭക്ഷണത്തിൽ നിന്നും അത്തരം വിഭവങ്ങളെ ഒഴിവാക്കാൻ പ്രയാസമാണ്. മറ്റ് കറികൾ ഒന്നുമില്ലെങ്കിലും മീൻ ഉണ്ടെങ്കിൽ ഊണ് ഉഷാർ എന്ന് മലയാളികൾ പറയാറുണ്ട്. രുചികരമായ മത്സ്യങ്ങൾ കഴിച്ചു നോക്കാൻ ഇഷ്ടപ്പെടാത്ത ആരുണ്ട്. രുചികൊണ്ട് വായിൽ വെള്ളമൂറുന്ന ഒരു മത്സ്യമുണ്ട്. എന്നാൽ, സൂക്ഷിച്ചു കഴിച്ചില്ലെങ്കിൽ മരണവും ഉറപ്പ്. അങ്ങനെയൊരു മീനിനെപ്പറ്റി അറിയുമോ? കുറച്ച് പേരെങ്കിലും കേട്ടിട്ടുണ്ടാവും. അതാണ് പഫർഫിഷ്.
ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്വാസം ഉള്ളിലേയ്‌ക്ക് എടുത്ത് ബോൾ പോലെ വീർക്കുന്നതിനാലാണ് ഇവയെ പഫർഫിഷ് എന്ന് വിളിക്കുന്നത്. പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് ഇവയുടെ കുടുംബനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഭൂമദ്ധ്യരേഖയ്‌ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവ. ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്.
ചിലയിനങ്ങൾക്ക് ശരീരത്തിന് ചുറ്റും മുള്ളുകളുമുണ്ട്. ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷം. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്ന് പറയപ്പെടുന്നു. ഈ വിഷത്തിനുള്ള പ്രതിവിധിയും കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന, മലേഷ്യ പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. നാവിൽ വെള്ളമൂറുന്ന രുചിയാണ് ഇവയ്‌ക്ക്. വിപണിയിൽ പഫർ ഫിഷുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെ ഇഷ്ട ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ദിവസവും പഫർ ഫിഷ് കഴിച്ചുള്ള മരണ വാർത്തയും കേൾക്കാം.















