മനുഷ്യർ നൂറ് വയസ്സ് വരെ ജീവിക്കുന്നതിനുള്ള കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ. 1900-ത്തിന് ശേഷമാണ് നൂറ് വയസ്സിലധികം ജീവിക്കുന്നവരുടെ എണ്ണം രണ്ടിരട്ടി വർദ്ധിച്ചത്. കഴിഞ്ഞ് നൂറ്റാണ്ട് വരെ മനുഷ്യന്റെ ജീവിതദൈർഘ്യം 31 വയസ്സായിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് രണ്ട് മടങ്ങിലധികം വർദ്ധിച്ച് 73.2 വർഷമായി മാറിയത്. 2050-ൽ ഇത് 77.1 ആകുമെന്നാണ് വിലയിരുത്തുന്നത്.
2015-ൽ ആകെ 4.5 ലക്ഷം പേരാണ് 100 വയസ്സ് പൂർത്തിയാക്കിയത്. എന്നാൽ 2050- ഓടെ ഇത് 37 ലക്ഷമാകുമെന്നാണ് നിഗമനം. ഒരു നൂറ്റാണ്ട് ജീവിക്കാൻ അപൂർവ്വം പേരെ സഹായിക്കുന്ന ഘടകങ്ങൾ സംബന്ധിച്ച് പുതിയ പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ടഫ്റ്റ്‌സ് മെഡിക്കൽ സെൻററും ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനും ചേർന്നാണ് പഠനം നടത്തിയത്. പെരിഫെറൽ ബ്ലഡ് മോണോന്യൂക്ലിയർ സെല്ലുകൾ എന്ന പ്രതിരോധ കോശങ്ങളുടെ സിംഗിൾ സെൽ സീക്വൻസിങ്ങാണ് ഗവേഷകർ പ്രഥമീകമായി നടത്തിയത്.
100 വയസ്സ് വരെ ജീവിക്കുന്നവർക്ക് പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും അനുബന്ധ പ്രവർത്തനങ്ങളുമാണുള്ളത് എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശക്തമായ പ്രതിരോധ സംവിധാനമാണ് രോഗാതുരതകളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതെന്ന് പഠനം പറയുന്നു. ലാൻസെറ്റ് ഇബയോമെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Comments