യുഎഇയിൽ ഇനി മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ. കൂടുതൽ മഴ ലഭിക്കാനായി അത്യാധുനിക വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു.
ക്ലൗഡ് സീഡിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പുതിയ അത്യാധുനിക വിമാനങ്ങൾ വാങ്ങാനായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിഡസ് എയ്റോസ്പേസുമായി എൻ.സി.എം കരാർ ഒപ്പു വെച്ചു. ക്ലൗഡ് സീഡിങിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ വലിയ അളവിൽ ഉൾകൊള്ളാൻ ശേഷിയുള്ള ടർബോപ്രോപ് വിമാനമായ ഡബ്ല്യൂ എക്സ്- 80 ആണ് വാങ്ങാൻ പദ്ധതിയിടുന്നത്. ഇതിൽ അത്യാധുനിക സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്.
നിലവിൽ കിംഗ് എയർ സി-90 മോഡൽ വിമാനങ്ങളാണ് എൻ.സി.എം. ഉപയോഗിക്കുന്നത്. ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായാണ് പുതിയ കരാറിനെ എൻ.സി.എം കാണുന്നത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനോടൊപ്പം രാജ്യത്ത് ജലസുരക്ഷയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും പുതിയ പങ്കാളിത്തം സഹായകരമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments