പത്തനംതിട്ട: താൻ അന്തസ്സോടെയാണ് മാദ്ധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുള്ളത് എന്ന് മന്ത്രി വീണാ ജോർജ്ജ്. ഒരു വ്യാജ വാത്തയും താൻ ചമച്ചിട്ടില്ല, ആരുടെയും മുന്നിൽ മുട്ട് മടക്കിയിട്ടില്ല. സർക്കാരിനെ ഇകഴ്ത്തി കെട്ടാൻ പല മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ്. എന്നാൽ, ജനങ്ങൾ തങ്ങളോടൊപ്പമാണെന്നും പിണറായി സർക്കാർ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വീണാ ജോർജ്ജ് അവകാശപ്പെട്ടു. ചർച്ച് ബില്ല് വിഷയത്തിൽ മൗനം തുടരുമ്പോഴാണ് മന്ത്രിയുടെ സ്വയം പുകഴ്ത്തൽ.
‘ഇന്ത്യാ വിഷനിൽ ജോലി ചെയ്യുമ്പോൾ ആറ് മാസത്തോളം ശമ്പളം കിട്ടാനുണ്ടായിരുന്നു. അപ്പോഴും വ്യാജ വാർത്ത ചമച്ചിട്ടില്ല. പ്രായപൂർത്തിയാകാത്ത കൊച്ചു കുട്ടികളെ ഉൾപ്പടെ ഉപയോഗിച്ച് സർക്കാരിനെതിരെ വ്യാജ വാർത്ത ചമച്ച ചില മാദ്ധ്യമങ്ങൾ ഇവിടുണ്ട്. അവർ സ്വയം വിലയിരുത്തുക. ഞാൻ ജോലി ചെയ്തിരുന്നത് അന്തസ്സോടെയാണ്. നാഴികയ്ക്ക് നാല്പത് വട്ടമല്ല, നാഴികയ്ക്ക് നൂറ് വട്ടം പറയാനും ഒരു മടിയുമില്ല’.
‘സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നവരോടാണ് ഞാൻ പറയുന്നത്. ഈ സർക്കാരിനെ ഇകഴ്ത്തി കെട്ടാൻ 7 വർഷത്തോളമായി പരിശ്രമിക്കുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല. കാരണം, ജനങ്ങൾ സർക്കാരിനൊപ്പമാണ്’- എന്നും വീണാ ജോർജ്ജ് പറഞ്ഞു. അതേസമയം, ചർച്ച് ബില്ല് വിഷയത്തെപ്പറ്റി ചോദിച്ച മാദ്ധ്യമങ്ങളോട് മന്ത്രി കയർത്തും സംസാരിച്ചു. അതിനെപ്പറ്റി നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പറയേണ്ടവരോട് പറഞ്ഞിട്ടുണ്ടെന്നുമാണ് വീണാ ജോർജ്ജ് പ്രതികരിച്ചത്.
Comments