ചെന്നൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിൽ മാത്രമല്ല, ഏത് സ്റ്റേഡിയത്തിലായാലും മത്സരം കാണാൻ ചെന്നൈ ആരാധകർ തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ, ഹോം ഗ്രൗണ്ടിൽ കളികാണാൻ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ആരാധകർ.
ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് സിഎസ്‌കെ ആരാധകർക്ക്. എന്നാൽ കരിഞ്ചന്തയിൽ ടിക്കറ്റ് സുലഭവുമാണ്. 750 രൂപ നിരക്കിൽ കിട്ടുന്ന ടിക്കറ്റിന് കരിഞ്ചന്തയിൽ ചോദിക്കുന്നത് 5000 രൂപവരെ. ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾക്കാണ് തീവില. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ഇതേ അവസ്ഥ തന്നെ ആയിരുന്നു.
അതേസമയം, ടിക്കറ്റുകൾ ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് ആരാധകർ. നിലവിൽ ആരാധകർ ടീമിനെതിരെ വരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോർപറേറ്റ് സ്പോൺസർമാർക്കായി ടിക്കറ്റുകൾ റിസർവ് ചെയ്തതിനാലാണ് ആരാധകർക്ക് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് കുറ്റപ്പെടുത്തലുകൾ.
പരിമിതമായ കൗണ്ടറുകളിൽ മാത്രമാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇതിന് പുറമേ നാല് സ്റ്റാൻഡുകളിലെ സീറ്റുകൾക്ക് മാത്രമാണ് ഓൺലൈൻ ബുക്കിംഗിലൂടെ ടിക്കറ്റ് ലഭിക്കുകയുള്ളു. വരാനിരിക്കുന്ന മത്സരത്തിനായി ചെന്നൈ ചെപ്പോക്കിൽ രാത്രി മുഴുവൻ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാത്തവരുണ്ട്.















