ഇന്ന് പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ബാധിക്കുന്ന രോഗമാണ് പേശിവേദന. അൽപ്പ ദൂരം നടക്കുമ്പോൾ തന്നെ കാലു വേദനിക്കുകയും തളരുകയും ചെയ്യുന്നതാണ് പേശിവേദനയുടെ പ്രധാന ലക്ഷണം. കൊളസ്‌ട്രോൾ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പേശിവേദന ഉണ്ടാകാറുണ്ട്. ഇവർക്ക് കൃത്യമായ വ്യായാമത്തിലൂടെ പേശിവേദന തുടച്ച് നീക്കാമെന്നാണ് ഗവേഷകർ പറയുന്നത്. കൊളസ്ട്രാളിന്റെ അളവ് കുറയ്‌ക്കുന്നതിനും ഹൃദയസംബന്ധ രോഗങ്ങൾ ഒഴിവാക്കാനും വ്യായാമം വളരെയധികം പ്രയോജനകരമാണ്. പേശിവേദന പരിഹരിക്കുന്നതിന് ദിവസേന വ്യായാമം ശീലമാക്കേണ്ടതുണ്ട്.
സുരക്ഷിതമായതും കഠിനകരമല്ലാത്തതുമായ വ്യായാമം ശീലമാക്കുകയാണെങ്കിൽ പേശികളുടെ ക്ഷതം, നടക്കുമ്പോഴുള്ള അസ്വസ്ഥത എന്നിവ പൂർണമായും മാറും. എന്നാൽ കഠിനകരമായ വ്യായാമം ചെയ്യുകയാണെങ്കിൽ പേശികൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഇത് ശാരീരിക ക്ഷമത കുറയുന്നതിന് കാരണമാകും. പേശിവേദനയും ബലഹീനതയും കാരണം പലർക്കും വ്യായാമം ചെയ്യാനുളള ശാരീരികക്ഷമത ഉണ്ടാകാറില്ല. പലപ്പോഴും അവർ വ്യായാമം ഒഴിവാക്കും. എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും ചെറിയ തോതിലുളള വ്യായാമം അത്യാവശ്യമാണ്.
കൊളസ്‌ട്രോൾ മരുന്നായ സ്റ്റാറ്റിൻ ഉപയോഗിക്കുന്നവരിലെ പേശിവേദന മിതമായ രീതിയിലുള്ള വ്യായാമത്തിലൂടെ കുറയ്‌ക്കാൻ സാധിക്കുമെന്ന് പുതിയ പഠനം പുറത്ത് വന്നിട്ടുണ്ട്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്റ്റാറ്റിൻ മരുന്ന് ഉപയോഗിക്കുന്നവർക്ക് വ്യായാമം സുരക്ഷിതമാണെന്നും ഇതിലൂടെ ശാരീരിക ക്ഷമത നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
ഓരോരുത്തർക്കും പേശി വേദന വ്യത്യസ്തമായി അനുഭവപ്പെടുന്നു. ചില ആളുകൾക്ക് പേശി വേദന ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്. മറ്റ് ചിലർക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് അനുഭവപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും പേശിവേദന ഉണ്ടാകാറുണ്ട്. വ്യായാമം ചെയ്യുമ്പോൾ ചെറിയ വേദന പേശികൾക്ക് അനുഭവപ്പെടാം. എന്നാൽ വ്യായാമം ശീലമാക്കുന്നതോടെ വേദന സുഖപ്പെടുകയും പേശികൾ ശക്തമാവുകയും ചെയ്യുന്നു.














