ലാലേട്ടൻ ആരാധകർ മാത്രമല്ല, മലയാള ചലച്ചിത്രലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിനുള്ള കാരണവും. മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് സംബന്ധിച്ചുള്ള വിശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ലാലേട്ടൻ തന്നെ പങ്കുവെക്കുകയാണ്.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. നാളെ ഏപ്രിൽ 14-ന് വൈകുന്നേരം 5 മണിക്ക് പോസ്റ്റർ പുറത്തുവരും. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’, എന്നാണ് പുതിയ അപ്ഡറ്റ് പങ്കുവച്ച് മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
മുൻപ് ഫസ്റ്റ് ലുക്ക് 14-ന് എത്തുമെന്ന് ലാലേട്ടൻ അറിയിച്ചിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരാണ് ‘മലൈക്കോട്ടൈ വാലിബന്റെ’ നിര്‍മ്മാണ പങ്കാളികൾ. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.















