ന്യൂഡൽഹി: ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആറ് ആഴ്‌ച്ചയ്‌ക്കകം സമർപ്പിക്കാനാണ് നോട്ടീസ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവം ശുചീകരണ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ബീഹാർ സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കമ്മീഷൻ വിമർശിച്ചത്. കൂടാതെ കേസിന്റെ എഫ്‌ഐആർ, ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച വകുപ്പ് തല നടപടികൾ, ഇരകളുടെ കുടുംബത്തിന് സർക്കാർ നൽകിയ ദുരിതാശ്വാസവും പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും നോട്ടീസിൽ പ്രതിപാദിക്കുന്നുണ്ട്.
ഏപ്രിൽ 11 ന് പട്നയിലെ ട്രാൻസ്പോർട്ട് നഗറിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടിമരിച്ചിരുന്നു. ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചത്.
ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് കമ്മീഷൻ വിലക്കിയിട്ടുണ്ട്. സെപ്തംബർ 24-ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
Comments