കോട്ടയം: മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വൻ വരവേൽപ്പാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സ്വീകരണം തിരുവനന്തപുരം വേളിയിലാണ് അവസാനിച്ചത്. ട്രെയിൻ കടന്നു വന്ന സ്റ്റേഷനുകളിലെല്ലാം ബിജെപി പ്രവർത്തകർ മധുരം നൽകിയിരുന്നു. ഇതിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ സ്വീകരണമാണ് വ്യത്യസ്തമായത്. പാലപ്പവും നെയ്യപ്പവുമെല്ലാം ജനങ്ങൾക്ക് നൽകിയാണ് കോട്ടയത്ത് ബിജെപി പ്രവർത്തകർ വന്ദേഭാരത് ട്രെയിനിന് സ്വീകരണമൊരുക്കിയത്.
കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടാണ് കോട്ടയത്ത് ബിജെപി പ്രവർത്തകർ യാത്രക്കാർക്ക് പാലപ്പം നൽകിയത്. ജനങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്ന കെ റെയിലിന് ബദലായി വന്ദേഭാരത് എത്തിയതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.
അതേസമയം, കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ വേഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്‌ട്രീയമാണ് എന്നും ഡിവൈഎഫ്ഐ ന്യായീകരിച്ചു. ഡിവൈഎഫ്ഐക്കാർ കൂപമണ്ഡൂകങ്ങളാണ് എന്നും ഭാരതത്തിൽ വന്ദേഭാരത് എപ്പോൾ എവിടെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു കൊള്ളും എന്ന് ബിജെപി നേതാക്കളും മറുപടി നൽകി.
















Comments