തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതിലുള്ള അസഹിഷ്ണുത വെളിവാക്കി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. പുതിയ ട്രെയിൻ വന്നത് നല്ല കാര്യമാണെന്നും എന്നാൽ അതിൽ എന്താണ് അഭിമാനിക്കാനുള്ളതെന്നുമാണ് ബാലൻ ചോദിക്കുന്നത്. യഥാർത്ഥത്തിൽ കെറെയിൽ പൊളിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനിന് കൊടുക്കേണ്ടതില്ലെന്നും ബാലൻ വിമർശിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന് കേരളത്തിൽ ലഭിച്ച് ഗംഭീര വരവേൽപ്പിലുള്ള അസ്വസ്ഥതയും ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രകടമാണ്. മലയാളികൾ നൽകിയ സ്വീകരണത്തെ ബിജെപി പ്രവർത്തകർ ആഹ്ലാദത്തോടെ സ്വീകരിച്ചു എന്ന് പറഞ്ഞ് തടിതപ്പുകയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം.
എ കെ ബാലന്റെ കുറിപ്പ് വായിക്കാം..
‘അഭിമാനിക്കാൻ എന്തിരിക്കുന്നു’, പുതിയ ട്രെയിൻ വന്നിരിക്കുന്നു. ബിജെപിക്കാർ ആഹ്ലാദത്തോടെ കൂടി സ്വീകരിക്കുന്നു. ഒരു പുതിയ ട്രെയിൻ കൂടി വന്നത് നല്ല കാര്യം. എന്നാൽ ഇതിൽ എന്താണ് അഭിമാനിക്കാനുള്ളത്? കേരളത്തോട് റെയിൽവേ കാട്ടിയിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോ ?
റെയിൽവേയുടെ കാര്യത്തിൽ കേരളത്തോടുള്ള അവഗണനയിൽ കോൺഗ്രസും ബിജെപിയും ഒരേ സമീപനം തന്നെയാണ് കാട്ടിയത്. 1980 ലാണ് ശ്രീമതി ഇന്ദിരാഗാന്ധി പാലക്കാട് വന്ന് പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ പാലക്കാട് കോച്ച് ഫാക്ടറി വന്നില്ല. പകരം യുപിയിലെ റായ്ബറേലിയിൽ കോച്ചു ഫാക്ടറി സ്ഥാപിച്ചു. പശ്ചിമബംഗാളിലെ കഞ്ചർപാറയിലും കോച്ച് ഫാക്ടറി സ്ഥാപിച്ചു. ഏറ്റവും ഒടുവിൽ ഹിമാചൽപ്രദേശിനും കോച്ച് ഫാക്ടറി നൽകിയിരിക്കുകയാണ്. 2008ൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. അന്ന് എട്ടു കേന്ദ്രമന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നു. രണ്ട് ക്യാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നു;
എ കെ ആന്റണിയും വയലാർ രവിയും. 2008 ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് പുതിയ സേലം ഡിവിഷൻ രൂപീകരിച്ചു. പാലക്കാട് റെയിൽവേ ഡിവിഷന്റെ ഭാഗമായിരുന്ന വലിയൊരു ഭാഗം സേലം ഡിവിഷന്റെ ഭാഗമാക്കി. ഇതിനെതിരായ കേരളീയരുടെ വികാരം ശമിപ്പിക്കുന്നതിനാണ് പാലക്കാട് കോച്ച് ഫാക്ടറി 2008 ൽ പ്രഖ്യാപിച്ചത്. കോച്ചു ഫാക്ടറിക്ക് ആവശ്യമായ 239 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകി. ഞാൻ വൈദ്യുതി മന്ത്രി ആയിരിക്കെ യുദ്ധകാല അടിസ്ഥാനത്തിൽ 400 കെ വി സബ്‌സ്റ്റേഷൻ കഞ്ചിക്കോട് സ്ഥാപിച്ചു. അഞ്ഞൂറ് കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. കോച്ച് ഫാക്ടറിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ ആയിരുന്നു ഇത്. പക്ഷേ കോച്ചു ഫാക്ടറി യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഈ വഞ്ചനയുടെ മറ്റൊരു പതിപ്പാണ് ഇപ്പോൾ ബി ജെ പി സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കെ – റെയിൽ പൊളിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കെ – റെയിൽ ഒരു പുതിയ പദ്ധതിയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ, നിലവിലുള്ള റെയിൽപാതയിൽ 626 വളവുകളാണ് ഉള്ളത്. ഈ പാതയിൽ കൂടി ഒരിക്കലും 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ല. 626 വളവുകൾ നിവർത്തുന്നതിന് വലിയതോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. അതിനേക്കാൾ നല്ലത് പുതിയൊരു റെയിൽപാത സ്ഥാപിക്കുന്നതാണ്.
കെ – റെയിലിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താൻ മൂന്നു മണിക്കൂർ മതി. ടിക്കറ്റ് ചാർജ് 1325 രൂപ മാത്രം. വന്ദേ ഭാരത് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താൻ എട്ടു മണിക്കൂറാണ് എടുക്കുന്നത്. ടിക്കറ്റ് ചാർജ് 2238 രൂപ. തിരുവനന്തപുരം – കണ്ണൂർ വിമാനക്കൂലി 2897 രൂപയാണ്. കേവലം ഒരു മണിക്കൂർ കൊണ്ട് എത്തും. വന്ദേ ഭാരത് ചാർജും വിമാന കൂലിയും തമ്മിൽ വലിയൊരു വ്യത്യാസം ഇല്ല. ജനശതാബ്ദിയും രാജധാനിയും ഏകദേശം വന്ദേ ഭാരതിന്റെ റണ്ണിങ് ടൈമിൽ തന്നെ തിരുവനന്തപുരം – കണ്ണൂർ യാത്ര പൂർത്തിയാക്കും.
ഒരു ട്രെയിൻ കൂടി കിട്ടി എന്നത് നല്ല കാര്യം. പക്ഷേ റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് കാട്ടിയ അവഗണനയ്‌ക്കും അപമാനത്തിനും ഇത് ഒരിക്കലും പരിഹാരമാവുന്നില്ല. എത്ര മാലകൾ ചാർത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ല.
Comments