രാത്രിയിൽ വീടിന്റെ തിണ്ണയിൽ മുറ്റത്തേയ്‌ക്ക് കാലിട്ട് ഇരിക്കുമ്പോൾ, മണ്ണിൽ കിടക്കുന്ന വസ്തുക്കൾ കൈകൊണ്ട് മാറ്റുമ്പോഴുമൊക്കെ നമ്മുടെ പേടി സ്വപ്നം തേൾ ആണ്. ശത്രുക്കളെ കണ്ടാൽ കത്രിക പൂട്ട് പോലുള്ള ഇറുക്ക് കൈകളും മേലോട്ട് വാലും ഉയർത്തി ഒരു നിൽപ്പുണ്ട്. അത് കണ്ടാൽ തന്നെ നമ്മുടെ പാതി ജീവൻ പോകും. ഇന്ത്യയിൽ ഒരുപാട് തരം തേളുകളുണ്ട്. മനുഷ്യനെ മരണത്തിലേയ്‌ക്ക് വരെ തള്ളിയിടാൻ കഴിയുന്ന തേളുകൾ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള ഒരു തേളിനെ പരിചയപ്പെടാം. ലോകത്ത് ഏറ്റവും വിഷമുള്ള തേളുകളുടെ പട്ടികയിൽ ഒന്നാമനാണ് ഇന്ത്യൻ റെഡ് സ്കോർപ്പിയോൺ(ചുവന്ന തേൾ).
ഹോട്ടൻതോട്ട ടാമുലസ് ബുത്തിഡേ കുടുംബത്തിലെ ഒരംഗമാണ് കിഴക്കൻ ഇന്ത്യൻ തേൾ എന്നും അറിയപ്പെടുന്ന ഇന്ത്യൻ റെഡ് സ്കോർപ്പിയോൺ. ഇത് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. ഇന്ത്യയെ കൂടാതെ, കിഴക്കൻ പാകിസ്താനിലും നേപ്പാളിന്റെ കിഴക്കൻ താഴ്ന്ന പ്രദേശങ്ങളിലും ശ്രീലങ്കയിലും ഇവയെ കാണപ്പെടുന്നു. അഞ്ച് മുതൽ ഒമ്പത് സെന്റീമീറ്റർ വരെ നീളമുണ്ട് ഇവയ്‌ക്ക്. മിക്കവയും അഞ്ച് വർഷത്തിൽ കൂടുതൽ ജീവിക്കുന്നില്ല. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ ആവാസ വ്യവസ്ഥകളിലാണ് ഇന്ത്യൻ റെഡ് സ്കോർപ്പിയോൺ ജീവിക്കുന്നത്.
ഓറഞ്ചോ ചുവപ്പോ നിറമാണ് ചുവന്ന തേളുകൾക്ക്. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ തേളിന്റെ കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളുടേത്. ശ്വാസകോശത്തെയും ഹൃദയത്തെയുമാണ് ഇതിന്റെ വിഷം ബാധിക്കുക. ചെമ്പൻ തേളിന്റെ വിഷവും പ്രോട്ടീനുകളുടെ മിശ്രിതമാണ്. ടമാപ്പിൻ (Tamapin), ടമൂലോടോക്സിൻ(Tamulustoxin), ഐബെറിയോ ടോക്സിൻ’ (Iberiotoxin) തുടങ്ങിയ ‘വിഷ പെപ്റ്റൈഡുകൾ’ ഇതിന്റെ വിഷത്തിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്.
കഠിനമായ പ്രാദേശിക വേദന, ഛർദ്ദി, വിയർക്കുക, അബോധാവസ്ഥ, പേശീവലിവ്, ശ്വാസതടസ്സം, പിങ്ക് നിറത്തിലുള്ള നുരയായ കഫം, അസാധാരണമായ ഹൃദയമിടിപ്പ്, കുറഞ്ഞ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ശാരീരിക അസ്വസ്ഥകൾ ചുവന്ന തേളിന്റെ കുത്തേറ്റാൽ അനുഭവിക്കും. മരണത്തിന് കാരണമാകുന്ന തേൾ ആണെങ്കിലും ഇവയുടെ വിഷത്തിൽ നിന്നും ഔഷധവും നിർമ്മിക്കാം. ക്യാൻസർ, മലേറിയ, വിവിധ ത്വക്ക് രോഗാവസ്ഥകൾ എന്നിവയ്‌ക്ക് ഫലപ്രദമായ ഔഷധം ഇന്ത്യൻ റെഡ് സ്കോർപ്പിയോണിന്റെ വിഷത്തിൽ നിന്നും ഉത്പാദിപ്പിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.















