തൃശൂർ: ശരീരത്തിന്റെ കരുത്തും സൗന്ദര്യവും നിലനിർത്താൻ പ്രായം തടസ്സമല്ലെന്ന് തെളിയിച്ച ഒരാളുണ്ട് തൃശൂർ അന്നമടയിൽ. എഴുപത്തിനാലുകാരനായ ഗിരിജാവല്ലഭൻ. പതിനാറ് വയസ്സു മുതൽ ശരീര സൗന്ദര്യ മത്സര രംഗത്തുള്ള ഇദ്ദേഹത്തിന് ഒന്നാം സ്ഥാനം ആവേശമാണ്. തിരൂരിൽ നടന്ന സംസ്ഥാന ശരീരസൗന്ദര്യ മത്സരത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഗിരിജാവല്ലഭൻ.
പതിനാറാം വയസിൽ തുടങ്ങിയതാണ് ജിമ്മിലെ കസർത്ത്. പക്ഷെ മത്സര രംഗത്തിറങ്ങിയത് നാൽപ്പത്തി രണ്ടാം വയസിലാണ്. ജിമ്മൻമാർ പറയും പോലെ ദിവസം 40 മുട്ട, പഴം, പാൽ എന്നിവയൊന്നും ഗിരിജാ വല്ലഭന്റെ ഭക്ഷണത്തിൽ പെടില്ല. . നാടൻ വിഭവങ്ങളായ ദോശ, ഇഡ്ഡലി, കടലക്കറി ഇതൊക്കെയാണ് പ്രൊട്ടീൻ ഫുഡ്. ചെറുപ്പം മുതലേ അതാണ് കഴിക്കാറ്. മത്സരങ്ങൾക്ക് ഭക്ഷണത്തിന്റെ അളവിൽ അൽപ്പം വ്യത്യാസം വരുത്തുമെന്ന് മാത്രം. .
ഒരുപാട് പ്രായം കുറഞ്ഞ ചെറുപ്പക്കാരോട് ഏറ്റുമുട്ടാനും ഗിരിജ വല്ലഭന് മടിയില്ല. മിസ്റ്റർ ഇന്ത്യ മത്സരത്തിൽ മൂന്ന് തവണ സിൽവർ പട്ടം, മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ, ആറ് തവണ മിസ്റ്റർ കേരള പട്ടം അങ്ങനെ നീളുന്നു ഗിരിജാ വല്ലഭന്റെ നേട്ടങ്ങൾ. ആദ്യകാലത്ത് ജിമ്മിൽ കൃത്യമായി പരിശീലനം നടത്തുമായിരുന്നു. പ്രായം കൂടിയതൊടെ ആഴ്ചയിൽ മൂന്ന് ദിവസമായി പരിശീലനം. മത്സരത്തിനായി രണ്ട് മാസത്തോളം തുടർച്ചയായി പരിശീലിക്കും. ഇപ്പോഴും മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരരംഗത്തുണ്ട്. മെക്കാനിക്കൽ എൻജീനിയറായ ഗിരിജ വല്ലഭൻ മർച്ചന്റ് നേവി, ഓയിൽ ഡ്രില്ലിംഗ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. പതിനാല് വർഷം ഇംഗ്ലീഷ് സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.















