എറണാകുളം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കേരള കോൺഗ്രസ് മുൻ നേതാവ് ജോണി നെല്ലൂർ. കളമശ്ശേരിയിൽ നടന്ന ക്രൈസ്തവ ഐക്യ കൺവെൻഷനിലെ തീരുമാനമായിരുന്നു പുതിയ പാർട്ടി എന്നത്. ഒരുപാട് കാലത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം രൂപപ്പെട്ടുവന്നത്. സിപിഎമ്മിൽ നിന്നും ലീഗിൽ നിന്നും അടക്കം നിരവധിപേർ പാർട്ടിയുടെ ഭാഗമാകുമെന്ന് ജോണി നെല്ലൂർ പറഞ്ഞു. പാർട്ടിവിട്ട ശേഷം എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേരളത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല പുതിയ രാഷ്ട്രീയ പാർട്ടിയെന്നും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് രൂപീകരിക്കുന്നതെന്നും ജോണി നെല്ലൂർ വ്യക്തമാക്കി. സെക്യുലർ പാർട്ടിയായിരിക്കും. പാർട്ടിയുടെ പ്രഖ്യാപനം വരും ദിനങ്ങളിൽ നടക്കുമെന്നും നേതാക്കൾ ഇതിന്റെ പ്രവർത്തനത്തിലാണെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
കേരള കോൺഗ്രസ് വൈസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു ജോണി നെല്ലൂർ. ഇന്ന് രാവിലെയാണ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും ജോണി നെല്ലൂർ രാജിവെച്ചത്.
Comments