ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന റിയൽഎസ്റ്റേറ്റ് സ്ഥാപനം ജിസ്ക്വയർ റിലേഷൻസിൽ ആദായനികുതിവകുപ്പ് റെയ്ഡ്. കമ്പനിയുമായി ബന്ധപ്പെട്ട് 50-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. എംകെ സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
ജിസ്ക്വയർ കമ്പനി ഉദ്യോഗസ്ഥർ, ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് റെയ്ഡ്. അണ്ണാനഗർ ഡിഎംകെ എംഎൽഎ എംകെ മോഹനന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിൽ സിആർപിഎഫിനെ വിന്യസിച്ചിരിക്കുകയാണ്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ളതായി ആരോപിക്കപ്പെടുന്ന കമ്പനിയാണ് ജിസ്ക്വയർ. തുടക്കത്തിൽ ചെറിയൊരു റിയൽ എസ്റ്റേറ്റ് സ്ഥാപനമായി ആരംഭിച്ച ജിസ്ക്വയറിന്റെ ആസ്ഥി 2019 ന് ശേഷം കുത്തനെ ഉയർന്നു. കമ്പനിയുടെ മറവിൽ നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് റെയ്ഡ്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ആകെ ആസ്ഥി ഡിഎംകെ ഫയൽസ് എന്ന പേരിൽ തമിഴ്നാട് ബിജെപി പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകനായ ഉദയ നിധി സ്റ്റാലിനും മരുമകൻ ശബരീശനും വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായും ഡിഎംകെ ഫയൽസിന്റെ ഒന്നാം ഭാഗം പുറത്തുവിട്ടുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ ആരോപിച്ചു.
Comments