തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയൊരുക്കി കേന്ദ്ര സുരക്ഷാ സേനയും പോലീസും. സുരക്ഷാ നടപടിയുടെ ഭാഗമായി തമ്പാനൂരിൽ പാർക്കിംഗും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സർവീസുകൾ വികാസ് ഭവനിൽ നിന്നാണ് ആരംഭിക്കുന്നത്. ജനകീയ സ്വീകരണമൊരുക്കി ബിജെപിയും രാജ്യത്തിന്റെ പ്രധാന സേവകനെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു.
കേരളത്തെ എല്ലാ അർത്ഥത്തിലും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 3200 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനമാണ് നാളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നിർവഹിക്കുക. ഇതിന് മുന്നോടിയായി തലസ്ഥാനത്ത് പഴുതടച്ച സുരക്ഷയൊരുക്കി കേന്ദ്ര സുരക്ഷാ സേനയും പോലീസും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷായുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്റലിജൻസ് വിഭാഗം എഡിജിപി തയ്യാറാക്കിയ റിപ്പോർട്ട് ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ മുന്നൊരുക്കങ്ങൾ കടുപ്പിച്ചിരിക്കുന്നത്. എയർപോർട്ടിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിജെപി നേതാക്കളും സജ്ജമായിക്കഴിഞ്ഞു. രാഷ്ട്രത്തിന്റെ പ്രധാനസേവകനെ സ്വീകരിക്കുന്നതിനായി ജനകീയ സ്വീകരണമൊരുക്കിയതായും എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിരിക്കുന്നുവെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും പാർക്കിംഗിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ദീർഘ ദൂര സർവ്വീസുകൾക്ക് തടസമുണ്ടാകാത്ത രീതിയിലാണ് ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും പരിശോധനകൾ നടക്കുന്നുണ്ട്. കേന്ദ്ര സുരക്ഷാ സേനയുടെ കൃത്യമായ നിരീക്ഷണത്തിലാകും നാളെ തലസ്ഥാനം.
Comments