ഇന്ത്യന്‍ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ശ്രീ സന്ത് സൂര്‍ദാസ് ശ്രീ കൃഷ്ണ ഭഗവാന്റെ ഏറ്റവും വലിയ ഭക്തരില്‍ ഒരാളാണ്. ശ്രീ കൃഷ്ണ ഭഗവാനെ ഇത്രയധികം ആരാധിച്ച ഒരാളെ ഇനി കാണാനിടയില്ല. ജന്മനായുള്ള അന്ധതയിലും സൂര്‍ സാഗര്‍ എന്ന കവിതാ സമാഹാരം എഴുതി സൂര്‍ദാസ് സ്വയം ഈണം നല്‍കി. നൂറൂ കണക്കിനു ഗാനങ്ങള്‍ ചേർന്നതാണ് സൂർ സാഗർ. ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം സൂര്‍ദാസ് ജനിച്ചത് 1478 ല്‍ ആണ്. ഹരിയാനയിലെ ഫരീദാബാദിലെ സിഹി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചതെന്നാണ് ചിലരുടെ വാദം. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇപ്പോഴും തര്‍ക്കവിഷയമാണ്.
സന്ത് സൂര്‍ദാസിന്റെ ജന്മദിനമാണ് സൂര്‍ദാസ് ജയന്തിയായി ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന്റെ ജന്മദിനം വൈശാഖ മാസത്തിലെ ശുക്ലപക്ഷപഞ്ചമി തിഥിയിൽ ആചരിക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടറില്‍ ഇത് ഏപ്രില്‍,മെയ് മാസങ്ങളില്‍ വരുന്നു.ഇത്തവണ സൂർ ദാസ് ജയന്തി വരുന്നത് ഏപ്രിൽ 25 നാണ്.

ശ്രീകൃഷ്ണ ഭക്തരുടെ മനസ്സില്‍ മഹത്തായ സ്ഥാനമാണ് സൂര്‍ദാസിനുള്ളത് . അതിനാൽ വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷമാണ് സൂര്‍ദാസ് ജയന്തി. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വൃന്ദാവനത്തിലാണ് സൂര്‍ദാസ് ചെലവഴിച്ചത്. ഒരര്‍ത്ഥത്തില്‍ സൂര്‍ദാസ് ജയന്തി ശ്രീകൃഷ്ണഭക്തരുടെ ആഘോഷമാണ്. ഹിന്ദു ഭക്തി സംഗീതത്തിന്റെ ഏറ്റവും മികച്ച കവിതകളും ഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. കവിയും ഗായകനുമപ്പുറം ജീവിത കാലം മുഴുവന്‍ വൈഷ്ണവ ഭക്തനായി ജീവിച്ചു മരിച്ച ഒരാളാണ് സന്ത് സൂര്‍ദാസ് .അദ്ദേഹത്തിന്റെ രചനകള്‍ എല്ലാം തന്നെ കൃഷ്ണഭക്തിയാല്‍ പൂര്‍ണമാണ്. ഹിന്ദിയുടെ അവാന്തര വിഭാഗമായ ബ്രജ് ഭാഷയിലാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളും എഴുതിയിരിക്കുന്നത്.
വല്ലഭാചാര്യ പുഷ്ടി മാര്‍ഗ സമ്പ്രദായത്തിന്റെ സ്ഥാപകനായ ശ്രീ വല്ലഭാചാര്യന്‍ എന്ന സന്യാസി തന്റെ പിന്‍ഗാമിയായ വിത്തല്‍നാഥ് ശ്രീകൃഷ്ണന്റെ മഹത്വം പ്രചരിപ്പിക്കാന്‍ എട്ട് കവികളെ തിരഞ്ഞെടുത്തു. ഈ എട്ടുപേര്‍ ‘അഷ്ടചാപ്പ്’ എന്നറിയപ്പെടുന്നു .ഇതിൽ ഒരാളായിരുന്നു സൂർ ദാസ്. ഭക്തികൊണ്ടും കാവ്യാത്മകമായ കഴിവുകൊണ്ടും ഭക്തി സംഗീതത്തില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം. ജീവിതാന്ത്യം വരെ ബ്രഹ്‌മചാരിയായ സൂര്‍ദാസ് ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. തന്റെ ആറാം വയസ്സില്‍ വീട് വിടാന്‍ നിര്‍ബന്ധിതനാവുകയും പിന്നീട് വല്ലഭാചാര്യനെ കണ്ടു ശിഷ്യനായി മാറുന്നു .വല്ലഭാചാര്യരുടെ ശിക്ഷണത്തില്‍ ശ്രീമദ് ഭാഗവതം അടക്കം ഒട്ടേറെ ഹിന്ദു ഗ്രന്ഥങ്ങള്‍ മനഃപാഠമാക്കുകയും ആധ്യാത്മിക വിഷയത്തില്‍ ശ്രേഷ്ഠനാവുകയും ചെയ്തു.
സൂര്‍ദാസിന്റെ കവിതകളും അദ്ദേഹത്തിന്റെ പേരില്‍ പില്‍ക്കാല കവികള്‍ രചിച്ച കവികളും കൂട്ടിചേര്‍ത്താണ് സൂര്‍സാഗര്‍ എന്ന രചന ആധുനിക രൂപാൽ പ്രാപിച്ചത്. പതിനാറാം നൂറ്റാണ്ടിലെ രൂപത്തില്‍ കൃഷ്ണനെയും രാധയെയും പ്രണയികളായി സൂര്‍സാഗര്‍ ചിത്രീകരിക്കുന്നു.സൂര്‍ സരാവലി , സാഹിത്യ ലഹരി എന്നിവയും സൂര്‍ദാസിന്റെ രചനകളാണ്. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിലും സൂറിന്റെ രചനകള്‍ കാണാം. സൂര്‍ദാസിന്റെ കൃതികള്‍ ഭക്തിയിലുപരി ജനങ്ങളെ ആത്മീയതയിലേക്ക് ആകര്‍ഷിക്കുന്നവയാണ്.
കൃഷ്ണ ദേവ് മെഹ്‌റയുടെ സൂര്‍ദാസ് (1939),ചതുര്‍ഭുജ് ദോഷിയുടെ ഭക്ത സൂര്‍ദാസ് (1942) ,രവീന്ദ്ര ദവെയുടെ സന്ത് സൂര്‍ദാസ് (1975) , രാം പഹ്വയുടെ ചിന്താമണി സൂര്‍ദാസ് (1988) എന്നിവ സൂര്‍ദാസിന്റെ ജീവിതത്തെക്കുറിച്ച് ഉള്ള ഇന്ത്യൻ സിനിമകളാണ്. അദ്ദേഹത്തിന്റെ കൃഷ്ണനെക്കുറിച്ചുള്ള കലാസൃഷ്ടികള്‍ എല്ലാം തന്നെ ലോകമെമ്പാടുമുള്ള ആളുകളെ സ്പര്‍ശിക്കുന്നതാണ്. ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ഭക്തി കവികളില്‍ ഒരാളാണ് സൂര്‍ദാസ്.
നിമിത വി കെ
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)















