ഡെറാഡൂൺ: ചൊവ്വാഴ്‌ച്ച കേദാർനാഥ് യാത്ര പുനരാരംഭിച്ചപ്പോൾ കേദാർനാഥ് ധാം ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി.
കേദാർനാഥ് തുറക്കുന്നതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ 20 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കൃതമാക്കിയിരുന്നു. ഉത്തരാഖണ്ഡ് രുദ്രപ്രയാഗിൽ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് തീർത്ഥാടനം പുനരാരംഭിച്ചത്. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ കാലാവസ്ഥ പ്രവചനം പരിശോധിക്കണമെന്നും ആവശ്യത്തിന് ചൂട് ലഭിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും സംസ്ഥാന സർക്കാർ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്റെ കണക്കനുസരിച്ച് ഇതുവരെ 17 ലക്ഷത്തിലധികം പേരാണ് ചാർ ധാം യാത്രയ്‌ക്കായി രജിസ്ട്രേഷൻ ചെയ്തിട്ടുള്ളത്. ചാർ ധാം യാത്രയ്‌ക്കായി തീർത്ഥാടകരുടെ ആദ്യ സംഘം ഹരിദ്വാറിൽ നിന്ന് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
Comments