തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായി സുരക്ഷാ നിർദേശങ്ങൾ അറിയിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ. പൂരം കാണുന്നതിന് വേണ്ടി ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ല.
വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണാൻ ജനങ്ങൾ കയറാൻ സാധ്യതയുള്ള സ്വരാജ് റൗണ്ടിനും സമീപത്തും നിയന്ത്രണം കർശനമാക്കും. അപകട സാധ്യതയുള്ളതും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പും, സിറ്റി പൊലീസും ചേർന്ന് ശേഖരിച്ചു. ഇത് പ്രകാരം 85 കെട്ടിടങ്ങൾക്കാണ് കണ്ടെത്തിയത്.
30-നാണ് തൃശ്ശൂർ പൂരം. വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികൾക്ക് പ്രവേശനം അനുവദിക്കും. പൂരത്തിന് മുന്നോടിയായി 28-ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് എംജി റോഡിലും കുറുപ്പം റോഡിലും ജോസ് തിയേറ്റർ മുതൽ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നൽകും.
Comments