ന്യൂഡൽഹി: ആദിശങ്കരസേവാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം അദ്വൈതശങ്കരം ഇന്ന് നടക്കും. വൈകിട്ട് 6-ന് മന്ദിർമാർഗിലെ അടൽ ആദർശ വിദ്യാലയത്തിൽ വച്ചാണ് പരിപാടി നടക്കുക. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പരിപാടിയിൽ അനുഗ്രഹപ്രഭാഷണം നടത്തും.
സ്വാഗതസംഘം ചെയർമാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പരിപാടിയിൽ അദ്ധ്യക്ഷനാകും. ആർഎസ്എസ് ഡൽഹി പ്രാന്തസംഘചാലക് കുൽഭൂഷൺ അഹൂജ, ജനസേവ ന്യാസ് ട്രസ്റ്റ് അദ്ധ്യക്ഷൻ സുഭാഷ് സുനേജ എന്നിവർ ആശംസകൾ നേരും. വിവിധ സമുദായിക സംഘടനകളുടെ അദ്ധ്യക്ഷൻമാർ, ക്ഷേത്രകമ്മിറ്റി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ഏപ്രിൽ രണ്ടിനാണ് സ്വാഗതസംഘം രൂപീകരിച്ചത്. ലോകം നേരിടുന്ന ബൗദ്ധികവെല്ലുവിളിക ൾക്കുള്ള പരിഹാരം ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ദർശനമെന്ന് അദ്വൈതശങ്കരത്തിന്റെ സ്വാഗതസംഘരൂപീകരണത്തിൽ സംസാരിക്കുകയായിരുന്ന പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ഭാരതത്തെ ഏകീകരിച്ച മഹാത്മാവാണ് ശങ്കരൻ. യോഗസമന്വയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. കേരളീയരെ സംഘടിപ്പിക്കാനുള്ള കരുത്ത് അദ്വൈതദർശനത്തിനുണ്ട്. കേരളത്തെ അറിയേണ്ടത് ശങ്കരനിലൂടെയാണെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.















