ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടമെന്ന് ധനമന്ത്രാലയം. 2023 ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 12 ശതമാനം വർധനവാണ് ഇത്തവണ നേടിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ഏപ്രിലിൽ നേടിയ ജിഎസ്ടി വരുമാനത്തേക്കാൾ 19,495 കോടി രൂപ അധികമാണ് ഇത്തവണ ലഭിച്ചത്.
2023 ഏപ്രിൽ 20നാണ് ഏറ്റവുമധികം ജിഎസ്ടി വരുമാനം ലഭിച്ചത്. അന്നേദിവസം മാത്രം 68,228 കോടി രൂപ ജിഎസ്ടി ഇനത്തിൽ ധനമന്ത്രാലയത്തിന് ലഭിച്ചു. ജിഎസ്ടി ശേഖരിക്കുന്നതിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം സിക്കിമാണ്. ഏപ്രിൽ മാസത്തിൽ 426 കോടി രൂപ സിക്കിമിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷമിത് 264 കോടി രൂപയായിരുന്നു.
ഗുജറാത്തിൽ നിന്നും 11,721 കോടി രൂപ (2022ൽ ഇത് 11,264 കോടി) ജിഎസ്ടി ഇനത്തിൽ ലഭിച്ചു. നാല് ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. അതേസമയം 10,035 കോടി രൂപ ഹരിയാന നൽകി. കഴിഞ്ഞ വർഷമിത് 8,197 കോടി രൂപയായിരുന്നു. 22 ശതമാനം വർധനവാണ് ഹരിയാന രേഖപ്പെടുത്തിയത്.
Comments