സാക്ഷാൽ ശ്രീ മഹാവിഷ്ണുവിന്റെ ഉഗ്രത്തിൽ ഉഗ്രമായ രൂപമാണ് നരസിംഹം.ഒരിക്കൽ ബ്രഹ്മാവിന്റെ മാനസപുത്രൻമാരായസനകാദി മുനികൾ(സനകൻ, സനന്ദനൻ, സനാതനൻ, സനത്കുമാരൻ) ഭഗവാൻ മഹാവിഷ്ണുവിനെ ദർശിക്കുവാൻ വൈകുണ്ഠത്തിലെത്തി. ഇവർ വളരെ പ്രായമുള്ളവരാണെങ്കിലും തങ്ങളുടെ അപാരമായ തപശ്ശക്തിയുടെ ഫലമായി വെറും കുട്ടികളായി കാണപ്പെടുന്നു. ഈ കുട്ടികളെ കണ്ട വൈകുണ്ഠത്തിലെ ദ്വാര പാലകരായിരുന്ന “ജയ വിജയന്മാർ”കവാടത്തിൽ കുമാരന്മാരെ തടസ്സപ്പെടുത്തി.അതിൽ ക്രോധം പൂണ്ട സനകാദികൾ അവരെ ശപിച്ചു. അങ്ങിനെ സനകാദികളുടെ ശാപം മൂലം ജയവിജയന്മാർ ഭൂമിയിൽ അസുരജന്മങ്ങൾ എടുത്തു.
സത്യയുഗത്തിൽ അവരുടെ ആദ്യ ജീവിതത്തിൽ, ഹിരണ്യാക്ഷനും (വിജയ) ഹിരണ്യകശിപുവുമായി (ജയ) ജനിച്ചു. ത്രേതായുഗത്തിലെ അവരുടെ രണ്ടാം ജീവിതത്തിൽ, അവർ രാവണൻ (ജയ), കുംഭകർണ്ണൻ (വിജയ) എന്നിങ്ങനെ ജനിച്ചു, ദ്വാപരയുഗത്തിൽ അവരുടെ മൂന്നാം ജന്മത്തിൽ ശിശുപാലൻ (ജയ), ദന്തവക്ത്രൻ (വിജയ) എന്നീ പേരുകളിൽ അവർ ജനിക്കുകയും ചെയ്തു. ആദ്യ രണ്ട് ജന്മങ്ങളിൽ അവർ സഹോദരന്മാരായിരുന്നു, അവസാന ജന്മത്തിൽ അവർ ബന്ധുക്കളായിരുന്നു.
ഒന്നാം ജന്മത്തിലെ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നിവരെ വധിക്കാനായി പ്രഭു വരാഹം, നരസിംഹം എന്ന രൂപങ്ങൾ ധരിച്ചു. പ്രഥമമായി വരാഹരൂപത്തിൽ ഹിരണ്യാക്ഷനെ വധിച്ചു ഭൂമീ ദേവിയെ രക്ഷിച്ചു. ശേഷം ഭക്ത പ്രഹ്‌ളാദനെ കൊണ്ട് ഹിരണ്യകശിപൂ വധം ചെയ്യാൻ രംഗമൊരുക്കി.സിംഹമുഖവും, മനുഷ്യന്റെ ഉടലുമായി പിറന്ന നരസിംഹമൂർത്തി ആ അസുരനെ വധിച്ച് ധർമസംസ്ഥാപനം നടത്തി.

ഭാരതത്തിലാകമാനവും കേരളത്തിലും അനേകം നരസിംഹക്ഷേത്രങ്ങളുണ്ട്. ഭക്തരക്ഷയ്‌ക്കും ദുഷ്ടനിഗ്രഹത്തിനുമായി ഭഗവാൻ നരസിംഹ രൂപത്തിൽ ഈ മണ്ണിൽ നിലകൊള്ളുന്നു. നരസിംഹത്തെ അറിയും മുമ്പേ വൈഷ്ണവ ദർശനം എന്തെന്ന് ചുരുക്കത്തിൽ അറിയണം
വൈഷ്ണവ തന്ത്രം അഥവാ സംഹിത പ്രധാനമായി 108 എണ്ണം ഉണ്ട് ,ഈ 108 എണ്ണം ചേർന്നാൽ സാതവത് സംഹിത എന്നു പറയും ഇതിൽ പ്രധാനമായി പാഞ്ചരാത്രക്രമമാണ് എടുക്കുന്നത്
ഇതിൽ വ്യൂഹരചനയാണ് മുഖ്യം. ഭഗവാൻ ആ വ്യൂഹ രചനയാലാണ് സ്ഥിതി ചക്രം ചലിപ്പിക്കുന്നത്. ആ വ്യൂഹക്രമമിങ്ങനെയാണ്.
പരാ വ്യൂഹം – ആദി ലക്ഷ്മി, ആദി നാരയണൻ. ഇത് പ്രകൃതിയും,കാല പുരുഷനും ആണ്.
ഇവരിൽ നിന്ന് ക്രമത്തിൽ ശ്രീ വാസുദേവൻ ഉണ്ടായി.
വാസുദേവനിൽ നിന്ന് സങ്കർഷണൻ ഉണ്ടായി.
സങ്കർഷണനിൽ നിന്ന് പ്രദ്യുമ്നൻ ഉണ്ടായി.
പ്രദ്യുമ്നനിൽ നിന്ന് അനിരുദ്ധൻ ഉണ്ടായി.
ഇവർ നാലും നാരായണചക്ര (സ്ഥിതി ചക്ര) ത്തിന്റെ മുഖ്യ 4 തൂണുകൾ ആണ്. ഇവരെ ചതുർ വ്യൂഹം എന്ന് വിളിക്കും. ഇവർ നാലും ഒന്നിച്ചാൽ പൂർണ നാരായണ കല ആകും.
ഈ ചതുര വ്യൂഹം പിന്നെ ഉപവ്യൂഹം ആകും.
ഈ ഉപവ്യൂഹം ആണ് ദ്വാദശ വിഷ്ണു മൂർത്തികൾ.
കേശവൻ
നാരായണൻ
മാധവൻ
ഗോവിന്ദൻ
വിഷ്ണു
മധുസൂദനൻ
ത്രിവിക്രമൻ
വാമനൻ
ശ്രീധരൻ
ഹൃഷികേശൻ
പദ്മനാഭൻ
ദാമോദരൻ
ഈ ദ്വാദശ മൂർത്തികൾ ആണ് ഉപവ്യൂഹം. ഈ മൂർത്തികൾ 12 രാശി കളുടെ അധീശ്വരന്മാർ ആണ്.
ഈ വ്യൂഹവും , ഉപ വ്യൂഹവും കൊണ്ട് ഭഗവാൻ ശ്രീമന്നാരായണൻ സ്ഥിതി ചക്രം പ്രവർത്തിപ്പിക്കുന്നു
ഈ സ്ഥിതി ചക്രത്തിൽ ദുഷ്ടശക്തികളുടെ അവരോധം ഉണ്ടാകുമ്പോൾ പ്രഭു “വിഭൂതിഅഥവാ അവതാരം എടുക്കുന്നു.
അങ്ങനെ മുഖ്യമായി ദശാവതാരങ്ങൾ ഉണ്ടായി
മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
ബലരാമൻ
ശ്രീകൃഷ്ണൻ
കൽക്കി
ഈ പത്ത് വിഭൂതികൾ ആണ് ദുഷ്ടനാശം വരുത്തി പ്രപഞ്ചത്തെ ശിഷ്ടരക്ഷ ചെയുക. അതിൽ അതിമുഖ്യമായ ഒരു അവതാരമാണ് സാക്ഷാത് “ശ്രീ നരസിംഹം”.
തന്ത്ര ദൃഷ്ടിയിൽ നരസിംഹം അതിപ്രാധാന്യമുള്ള ദേവതയാണ്. ശ്രീചക്രത്തിന്റെ രക്ഷാദേവത കൂടി ആണ് നരകേസരി. വീരസാധനയിൽ രക്ഷയ്‌ക്കായി “അഘോര നരസിംഹ” വിദ്യ ഉപയോഗിക്കും, ദക്ഷിണം, വാമം ഈ രണ്ട് ശാക്തക്രമത്തിലും നരസിംഹ സ്വാമി മുഖ്യ ആരാധനാ ശക്തിയാണ്. ഗുരുമണ്ഡലത്തിൽ ശ്രീവിദ്യ ആകുന്ന മഹാവിദ്യയുടെ ഒരു അതിമുഖ്യ ഭാഗം ആണ് “മന്ത്ര രാജ നരസിംഹം “.
ശ്രീക്രമത്തിൽ “നരസിംഹപാദുക” അതിരഹസ്യ വിദ്യ കൂടിയാണ് .അങ്ങനെ വൈഷ്ണവ, ശൈവ, ശാക്ത – ഈ മൂന്ന് ക്രമത്തിലും നരസിംഹ സ്വാമി മുഖ്യശക്തി ആണ്.
നരസിംഹത്തിന് ഒരുപാട് മുഖ്യ രൂപഭേദങ്ങൾ, മന്ത്രങ്ങൾ, പ്രയോഗങ്ങൾ എന്നിവ ഉണ്ട്.
/ വിഹഗേന്ദ്ര സംഹിതയിൽ 72 നരസിംഹം രൂപങ്ങൾ ഉള്ളതായി പറയുന്നു.
അതിൽ മുഖ്യമായി നവ രൂപങ്ങളാണ്-
ഉഗ്ര നരസിംഹം
ക്രുദ്ധ നരസിംഹം
വീര നരസിംഹം
വിലമ്പ നരസിംഹം
കോപ നരസിംഹം
യോഗ നരസിംഹം
അഘോര നരസിംഹം
സുദർശന നരസിംഹം
ലക്ഷ്മി നരസിംഹം
ഇവയ്‌ക്കാണ് നരസിംഹ കല്പത്തിലെ മുഖ്യ മന്ത്രവും, ഭാവവും.
ഇവ അല്ലാതെ തന്നെ ഒട്ടനവധി രൂപങ്ങൾ ഉണ്ട് –
ഛത്ര വട നരസിംഹം
യോഗനന്ദ നരസിംഹം
കരഞ്ജ നരസിംഹം
ഉഹ നരസിംഹം
ക്രോധ നരസിംഹം
മാലോല നരസിംഹം
ജ്വാല നരസിംഹം
പാവന നരസിംഹം
സ്തംഭ നരസിംഹം
ഗ്രഹണ നരസിംഹം
വിദാരണ നരസിംഹം
സംഹാര നരസിംഹം
ചണ്ഡ നരസിംഹം
പ്രസാദ നരസിംഹം
വരദ നരസിംഹം
ആവേശ നരസിംഹം
അട്ടഹാസ നരസിംഹം
ചക്ര നരസിംഹം
ബ്രഹ്‌മ നരസിംഹം
വിഷ്ണു നരസിംഹം
രുദ്ര നരസിംഹം
പൃഥ്‌വി നരസിംഹം
വായു നരസിംഹം
ആകാശ നരസിംഹം
ജ്വാലന നരസിംഹം
അമൃത നരസിംഹം
പുഷ്ടി നരസിംഹം
കേവല നരസിംഹം
ഗിരിജ നരസിംഹം
യാനക നരസിംഹം
വരാഹ ലക്ഷ്മി നരസിംഹം
നൃത്ത നരസിംഹം
പാതാള നരസിംഹം
ഉദണ്ഡ നരസിംഹം.
നരസിംഹ മന്ത്രഭേദം
നരസിംഹ മന്ത്രങ്ങളിൽ ഒരു പാടു വകഭേദങ്ങൾ ഉണ്ടു അതിൽ ഏകാക്ഷരം – “ക്ഷ്രൗം “എന്ന ബീജമാണു ഇത് നരസിംഹ ബീജം കൂടിയാണ്. കൂടാതെ ആജ്ഞാ ചക്രത്തിന്റെ ശക്തി വിശേഷവുമാണ്..
എന്തിനെയും സ്വ ആജ്ഞാ ശക്തിയിൽ നിർത്താൻ ഉള്ള കഴിവ് ഈ ബീജത്തിന് ഉണ്ട്.
പ്രാണശക്തിയുടെ പൂർണരൂപം ആണ് നരസിംഹം.
സിംഹ എന്ന പദം തിരിച്ചു എഴുതിയാൽ ഹംസി എന്നാകും. ഇത് പ്രാണ ശക്തി കൂടിയായ ഹംസ മന്ത്രവുമാണ്, ” ഹംസഃ എന്നത് ഉച്ഛ്വാസ നിശ്വാസം ആണ് “.അത് പൂർണ കുംഭകാവസ്ഥയിൽ ആകുമ്പോൾ നരസിംഹം ബീജം ആവിർഭവിക്കും. അവിടെ മഹാ ആജ്ഞാ ശക്തി ഉണരും, അപ്പോൾ ഒരു സാധകന്റെ ഉള്ളിൽ ഉള്ള പ്രാണ ശക്തി ഉണരും അധവാ നരസിംഹം ഉണരും. ഇത് യോഗ രഹസ്യം. ഏതൊരു ദേവതക്കും ബീജ മന്ത്രം, പദ മന്ത്രം, മൂല മന്ത്രം, മാല മന്ത്രം ഇങ്ങനെ ഒരുപാട് മന്ത്രാന്തരങ്ങൾ ഉണ്ട്.
അതിൽ നരസിംഹ അനുഷ്ടുപ് മഹാ മന്ത്രം എല്ലാ നരസിംഹ മന്ത്രങ്ങളുടെയും രാജാവായി പറയപ്പെടുന്നു. ആ മന്ത്രത്തെ മന്ത്രരാജ എന്ന് വിളിക്കപ്പെടും. ആ ഒറ്റ മന്ത്രത്തിൽ നിന്നു തന്നെ 32 നരസിംഹങ്ങൾ ഉദ്ഭവിക്കയും ചെയ്യും. ഈ 32 നരസിംഹ രൂപങ്ങൾ ഒരു മഹാ രക്ഷാ വ്യൂഹം കൂടി ആണ്. ശ്രീ ശങ്കരൻ ശ്രേഷ്ഠ നരസിംഹ ഉപാസകനായിരുന്നു തന്റെ 4 മഠങ്ങൾ രക്ഷ ചെയ്യാനായി നാലിടത്തും ഈ 32 നരസിംഹ വ്യൂഹം സ്ഥാപിച്ചിട്ടുണ്ട് ,എവർക്കും സുപരിചിതമായ മന്ത്രം കൂടിയാണിത്
ധ്യാനം
കോപാദാലോല ജിഹ്വം വിവൃതനിജമുഖം
സോമസൂര്യാഗ്നി നേത്രം
പാദാദാനാഭിരക്തപ്രഭമുപരി സിതം
ഭിന്നദൈത്യേന്ദ്രഗാത്രം
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-
ദാരുണാന്യുദ്വഹന്തം
ഭീമം തീക്ഷ്ണാഗ്രദംഷ്‌ട്രം മണിമയ വിവിധാ-
കൽപ്പമീഡേ നൃസിംഹം.
മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുർ മൃത്യും നമാമ്യഹം
നരസിംഹ മന്ത്ര വിന്യാസം
ഉഗ്രം- ഉഗ്ര നരസിംഹം
വീരം- വീര നരസിംഹം
മഹാവിഷ്ണും- ലക്ഷ്മി നരസിംഹം
ജ്വലന്തം- ജ്വാല നരസിംഹം
സർവതോ മുഖം- വിരാട് നരസിംഹം
നരസിംഹം – ശ്രീ നരസിംഹം
ഭീഷണം- ക്രോധ നരസിംഹം
ഭദ്രം- സുദർശന നരസിംഹം
മൃത്യു- അഘോര നരസിംഹം.
ഇത് നിത്യവും 108 തവണ ജപിക്കുന്ന ഒരുവൻ മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയിൽ നിന്ന് രക്ഷനേടും ,പ്രഭാത സന്ധ്യയും ,സന്ധ്യാ സമയം ആണ് ജപത്തിനു ഉത്തമം,
നരസിംഹ യന്ത്രം.ശത്രുസംഹാരിയും ഭക്തരക്ഷകനുമായ അത്ഭുത ചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും ,ഭയവും, മാറുന്നതാണ്
എതൊരുവന്റെയും ശത്രു അവനവൻ തന്നെയാണ്, അവൻ ചെയ്യുന്ന കർമ്മങ്ങളാണു, അതിനെ ആശ്രയിച്ചു അവനവനിൽ തന്നെ ശത്രുവായും മിത്രമായും അവരിൽ മൃഗവാസനയായി അതു പ്രതിഫലിക്കും, നരസിംഹ മന്ത്ര ജപം യന്ത്ര ധാരണം എന്നിവ കൊണ്ടു സാധകൻ ശുദ്ധ ബോധത്തേ അറിയും അതുവഴി അവൻ സംസാര ഭയത്തിൽ നിന്നും മുക്തനാകും.
വർണ്ണനകൾക്കുമപ്പുറം എത്രയോ ഭയാനകമാണു ഭഗവാന്റെ ഉഗ്ര രൂപം” നഹി ഈശ:അസ്മി “അതിനെ വർണ്ണിക്കാൻ ഞാൻ കഴിവുള്ളവനല്ല ഭഗവാനേ ബ്രഹ്മാണ്ഡകടാഹമാകെ ഇളക്കി മറിച്ചു കൊണ്ട് ഘോരാട്ടഹാസവും ,ഭൂമിയും ആകാശവും ഭേദിക്കുന്ന ബൃഹത്തായ വപുസ്സും, കാച്ചിപ്പഴുപ്പിച്ച സ്വർണ്ണമെന്നപോൽ തിളങ്ങുന്ന കണ്ണുകളും, ആകാശം മറയ്‌ക്കുന്ന സടാകേസരങ്ങളും ,ഗുഹാമുഖം പോലെയുള്ള വായും , കൊലവാളു പോലെ ഭയങ്കരമായ നാവും, വീരദന്തങ്ങളും തുടങ്ങി അത്യന്തം അതിഭീഷണമായ ആ മഹത്സ്വരൂപത്തെ ഞാൻ പ്രണമിക്കുന്നു.ഓം വജ്രനഖായ വിദ്മഹേ
തീക്ഷ്ണദംഷ്‌ട്രായ ധീമഹി
തന്നോ നരസിംഹ: പ്രചോദയാത്
എവർക്കും നരസിംഹ ജയന്തി ആശംസകൾ
കിരൺ ആർ ടി
വിമലാനന്ദ മണ്ഡലി















