തൃശൂർ: പൂരനാളിലെ കണക്കുകൾ പുറത്തുവിട്ട് റെയിൽവേ. ഇത്തവണത്തെ പൂരത്തിന് വൻ കളക്ഷനാണ് റെയിൽവേ നേടിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 45 ലക്ഷം രൂപയാണ് റെയിൽവേ നേടിയത്. ആകെ ടിക്കറ്റെടുത്തത് 46000 പേരും. പൂരത്തിരക്ക് മുന്നിൽകണ്ട് പ്രത്യേക ട്രെയിനുകളും കൂടുതൽ കൗണ്ടറുകളും ഏർപ്പെടുത്തിയിരുന്നു. തൃശൂരിലും പൂങ്കുന്നത്തുമാണ് അധിക കൗണ്ടറുകൾ തുറന്നത്.
തൃശൂർ പൂരത്തിന്റെ തിരക്ക് പ്രമാണിച്ച് കൂടുതൽ പ്രകാശ സംവിധാനം, സുരക്ഷാ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ അധിക ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ് എന്നിവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേ അധിക കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകള്‍ ഏർപ്പെടുത്തിയിരുന്നു. കൂടാതെ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും പ്രവർത്തിച്ചിരുന്നു. മെയ് ഒന്നിന് പുലർച്ചെ മൂന്ന് മുതൽ രാവിലെ പതിനൊന്ന്വരെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു.
പ്രതിദിനം ഏഴ് ലക്ഷം രൂപയോളം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് ഇനത്തിൽ ലഭിച്ചു. ഏപ്രിൽ 30 പൂരനാളിൽ 17000 യാത്രക്കാരിൽ നിന്നായി 16.75 ലക്ഷം രൂപയും ലഭിച്ചു. മെയ് ഒന്നിന് 28500 യാത്രികരിൽ നിന്നായി 28.7 ലക്ഷം രൂപയും ലഭിച്ചു. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നുമുള്ള വരുമാനമായിരുന്നു കൂടുതൽ. ‘യു ടി എസ് ഓൺ മൊബൈൽ’ ടിക്കറ്റിങ് ആപ്പ് വഴിയുള്ള വരുമാനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
Comments