വിവാദങ്ങൾക്ക് വിരാമം; ദ് കേരള സ്റ്റോറി നളെ തീയറ്ററുകളിലേക്ക്

Published by
Janam Web Desk

കോഴിക്കോട്: ദ് കേരള സ്റ്റോറി നാളെ തീയറ്ററുകളിലെത്തും. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.

സിനിമയിലെ ഐഎസ്‌ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നിവരെക്കുറച്ചുള്ള പരാമർശങ്ങൾക്ക് സെൻസർ ബോർഡ് തെളിവു വാങ്ങിയിരുന്നു. സിനിമയിൽ പരാമർശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സബ്‌ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്‌ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നൽകിയാൽ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. സിനിമയുടേത് സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേർക്കണമെന്ന ആവശ്യം നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ അംഗീകരിച്ചില്ല.

പ്രത്യേക മുന്നറിയിപ്പ് വേണമെന്ന് ഹർജിക്കാർക്ക് വേണ്ടി വൃന്ദ ഗ്രോവർ വാദിച്ചിരുന്നു. സിനിമ പൂർണമായി നിരോധിക്കണമെനന്ന ആവശ്യമാണ് മറ്റൊരു ഹർജിയിലൂടെ കൂർബാൻ അലി ഉന്നയിച്ചത്. കുർബാൻ അലിയുടെ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലും എത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹർജിയുണ്ട്.

Share
Leave a Comment