നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി. വെറും നാല് മാസം കൊണ്ട് 10,000 ടിയാഗോ ഇവികളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇതോടെ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റാ. 24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ നേടി ടാറ്റ ടിയാഗോ ഇവി ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന പട്ടം നേടി.
2022 ഡിസംബറിലാണ് 10,000, 20,000 ബുക്കിംഗുകൾ പിന്നിട്ടത്. 8.69 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. വലിയ ബാറ്ററി പായ്ക്കോടെ എത്തുന്ന ടിയാഗോ ഇവിയുടെ വില 10.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 8.49 ലക്ഷം രൂപ ആമുഖ വിലയ്ക്കാണ് ഇവി അവതരിപ്പിച്ചത്. ഈ വിലയ്ക്ക് ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ ഇവി ലഭിക്കുകയുള്ളൂവെന്നായിരുന്നു ടാറ്റ പറഞ്ഞിരുന്നത്.
എന്നാൽ ബുക്കിംഗ് ജാലകം തുറന്ന ഉടൻ തന്നെ കസ്റ്റമേഴ്സിന്റെ വൻ വരവായിരുന്നു. ഇതുകൊണ്ട് തന്നെ ആമുഖ വിലയിൽ കാർ 20,000 ഉപഭോക്താക്കൾക്ക് നൽകാൻ ടാറ്റ തീരുമാനിക്കുകയായിരുന്നു. ഇവിയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ടിയാഗോ ഇവി അവതരിപ്പിച്ചത്. ‘10,000 കുടുംബങ്ങളിലേക്ക് എത്തുകയെന്ന് പറഞ്ഞാൽ ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെട്ടു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്’ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാർക്കറ്റിംഗ്, സെയിൽസ് മേധാവി വിവേക് ശ്രീവത്സ പറഞ്ഞു.
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റാ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നത്. 315 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 6.2 സെക്കൻഡിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. വലിയ ബാറ്ററി പായ്ക്കിനൊപ്പം 114 Nm ടോർക്ക് നൽകുന്ന 55 kW ഇലക്ട്രിക് മോട്ടോറാണ് ടാറ്റാ വാഗ്ദാനം നൽകുന്നത്. 5.7 സെക്കന്ഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. XE, XT, XZ+,Lux എന്നിങ്ങനെ നാല് വേരിയന്റുകളിൽ ടാറ്റാ ടിയാഗോ ഇവി സ്വന്തമാക്കാം.
Comments