ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് പുത്തൻ കുതിപ്പിനൊരുങ്ങി കേന്ദ്രം. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മേഖലയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ചൈനയുടെയും മറ്റ് വിദേശരാജ്യങ്ങളുടെയും സഹായമില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ പൂർണമായും ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി 14,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
അഞ്ച് വർഷത്തിനുള്ളിൽ 14,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ മൂന്ന് വർഷം ഇലക്ട്രിക് വാഹന ബാറ്ററികളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാകും മുൻതൂക്കം നൽകുക. തുടർന്നുള്ള വർഷങ്ങളിലാകും ചാർജിംഗ് ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുക.
ഇവി നിർമാണ മേഖല വ്യാപിക്കുക ലക്ഷ്യമിട്ട് അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനും (ANRF), ഡിപ്പാർട്ട്‍മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും ചേർന്ന് ഇവികളുടെ ബാറ്ററി, പവർ ട്രെയിനുകൾ, ചാർജിംഗ് സംവിധാനങ്ങൾ എന്നിവ പ്രാദേശികമായി വികസിപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആരംഭിച്ചതായാണ് വിവരം.