നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് എം.എൽ.എ ; ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ ശാന്തകുമാരിയ്‌ക്കെതിരെ പരാതിയുമായി കെ.ജി.എം.ഒ.

Published by
Janam Web Desk

പാലക്കാട് : എം.എൽ.എയ്‌ക്കെതിരെ പരാതിയുമായി കെ.ജി.എം.ഒ. കോങ്ങാട് എം.എൽ.എ ശാന്തകുമാരിയ്‌ക്കെതിരെയാണ് ഡോക്ടർമാർ രം​ഗത്തെത്തിയത്. ഭർത്താവിന് ചികിത്സ തേടിയെത്തിയ കോങ്ങാട് എം.എൽ.എ ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാർ ആരോപിച്ചു. ഡോക്ടർമാരെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് ഡോക്ടർമാർ പരാതി നൽകി. പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ക്യാഷ്യാലിറ്റിയിലെത്തിച്ചത്. തുടർന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. എന്നാൽ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു. സംഭവം ചർച്ചയായതോടെ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്ന ന്യായികരണവുമായി കോങ്ങാട് എംഎൽഎ രം​ഗത്തെത്തുകയും ചെയ്തു.

ഡോക്ടർമാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിൽ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാം എന്നും എംഎൽഎ പറഞ്ഞു.

Share
Leave a Comment