കണ്ണൂർ: സമയബന്ധിതമായി ഒഴിവുകളിൽ പുനക്രമീകരണം നടത്താത്തതിനാൽ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്സ് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള നിയമനം മുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നിലവിൽ ഈ തസ്തികകളിൽ 2,000 ഒഴിവുകളാണ് ഉള്ളത്.
പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തിയിട്ടും വർഷങ്ങളായി. വിവിധ സർക്കാർ ആശുപത്രികളിലായി 450 ഒഴിവുകളാണുള്ളത്. പല ജില്ലകളിലും ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ്, മറ്റേണൽ ചൈൽഡ് ഹെൽത്ത് ഓഫീസർ തസ്തികകളിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2-ൽ നിന്ന് ഗ്രേഡ് ഒന്നിലേക്കുള്ള പ്രമോഷൻ നടന്നിട്ടും മൂന്ന് വർഷത്തോളമായി. ഇക്കാരണത്താൽ തന്നെ പല തസ്തികകളിലും ഒഴിവുകൾ നികത്തിയിട്ടില്ല എന്നതിന് പുറമെ ഗ്രേഡ് 2 തസ്തികകയിൽ നിന്ന് തന്നെ വിരമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
അറുപത് വർഷം മുൻപുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതിനാൽ തന്നെ കിടത്തിച്ചികിത്സയുള്ള സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാർ ഇല്ല എന്നത് പ്രധാനവെല്ലുവിളിയായി മാറിക്കഴിഞ്ഞു. രോഗികളുടെ എണ്ണത്തിന് ആനുപതികമായി നഴ്സുമാരുടെ എണ്ണം കണക്കാക്കുകയാണെങ്കിൽ സർക്കാർ ആശുപത്രികളിൽ ഇനിയും 8,000 നഴ്സുമാർ കൂടി ആവശ്യമാണ്. 20,000 നഴ്സുമാർ ആവശ്യമുള്ളിടത്ത് നിലവിലുള്ളത് 12,000 പേർ മാത്രം. നഴ്സുമാർ അധിക ജോലിഭാരത്താൽ വലയുമ്പോഴാണ് നിലവിലെ ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകാത്തത്.
Comments