കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയ സംഭവത്തിലാണ് നടപടി. പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല കെപിസിസി മെമ്പർ രാജീവൻ എളയാവൂരിന് നൽകിയതായും പാർട്ടി അറിയിച്ചു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡൻറ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമത വിഭാഗമായ സഹകരണ ജനാധിപത്യ മുന്നണി ഭരണം പിടിച്ചെടുത്തിരുന്നു. കോൺഗ്രസ് കൗൺസിലർ കൂടിയായ പി.കെ രാഗേഷ് പിന്തുണയ്ക്കുന്ന വിമത വിഭാഗമാണ് സഹകരണ ജനാധിപത്യ മുന്നണി. ഒൻപത് സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെടുകയും ചെയ്തു.
Comments