പട്‌ന: മലപ്പുറത്ത് മോഷണക്കുറ്റം ആരോപിച്ച് ബിഹാർ സ്വദേശിയ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ കേരളാ സർക്കാരിനെതിരെ വിമർശനം. ബിജെപിയുടെ ദേശീയ വക്താവും പട്‌ന യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറുമായ ഡോ. ഗുരു പ്രകാശ് പാസ്വാൻ ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ദളിതനായ ഒരു വിവിധഭാഷാ തൊഴിലാളിയെ മലപ്പുറത്ത് വച്ച് ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നുവെന്നത് തീർത്തും ദാരുണമായ സംഭവമാണ്. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് സർക്കാരും രാഹുൽ ഗാന്ധിയും നിതീഷ് കുമാറുമെല്ലാം പാലിക്കുന്ന മൗനം ദളിത് സമൂഹത്തോടുള്ള അവരുടെ മനോഭാവമാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനും അധികാരികൾ ശ്രമിക്കണമെന്നും ഗുരു പ്രകാശ് പാസ്വാൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Extremely brutal and tragic killing of a Dalit migrant labour from Bihar in Mallapuram, Kerala is disturbing at so many levels.
The silence of the communist government, Rahul Gandhi and Nitish Kumar is a reflection of anti Dalit mindset.
We demand prompt action. pic.twitter.com/xTbPzDLf2k
— Dr. Guru Prakash Paswan (@IGuruPrakash) May 15, 2023
ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മലപ്പുറം കിഴിശേരി-തവനൂർ റോഡിലായിരുന്നു സംഭവം. റോഡരികിലെ വീട്ടുപരിസരത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ കള്ളനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ചു. പുലർച്ചെ 12 മണിക്ക് ആരംഭിച്ച മർദ്ദനം ഏകദേശം രണ്ട് മണിക്കൂറോളം തുടർന്നിരുന്നു. ഒടുവിൽ അവശനിലയിലായ രാജേഷിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി കിഴിശേരി തവനൂർ സ്വദേശികളായ എട്ട് പേർ അറസ്റ്റിലായി. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മായ്‌ക്കാൻ ശ്രമിച്ചയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ ദളിത് യുവാവ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. പ്രതികൾ സിപിഎം-മുസ്ലീം ലീഗ് പ്രവർത്തകരായതിനാലാണ് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
















Comments