ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തും ക്രിക്കറ്റ് ഇതിഹാസം കപിൽദേവും ഒരുമിക്കുന്നതായി സൂചന. ലാൽ സലാമെന്ന സിനിമയിലാണ് കപിൽ വേഷം ചെയ്യുന്നത്. സിനിമയുടെ ലോക്കേഷനിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ രജനി തന്നെയാണ് ട്വീറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്.
‘ഇന്ത്യയ്‌ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസം, ഏറെ ആദരണിയനായ കപിൽദേവ്ജീക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയ ബഹുമതിയായി കാണുന്നു. ഫോട്ടോ പങ്കുവെച്ചുകൊണ്ട് രജനികാന്ത് ട്വീറ്ററിൽ കുറിച്ചു.
വെളുത്ത പോളോ ടീ-ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചാണ് കപിൽ ഫോട്ടോയിൽ ഉള്ളത്. ഒപ്പം വെളുത്ത കുർത്ത ധരിച്ചാണ് രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാൽ സലാം എന്ന ചിത്രത്തിലൂടെ ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐശ്വര്യ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത്. ക്രിക്കറ്റിന്റെയും രാഷ്‌ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ വിക്രാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പോസ്റ്ററിന് ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. എല്ലാവരുടെയും പ്രിയപ്പെട്ട ഭായ് മുംബൈയിൽ തിരിച്ചെത്തിയെന്നാണ് കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ട് ട്വീറ്റ് ചെയ്തത്. തലൈവർ സൂപ്പർസ്റ്റാർ രജിനികാന്ത് ലാൽസലാമിൽ മൊയ്തീൻ ഭായിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രജനികാന്തിന്റെ ഭാഗം പൂർണമായും മുംബൈയിലാണ് ചിത്രീകരിക്കുന്നത്. അതിഥി വേഷത്തിലാണ് താരം ഇതിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്.
Comments