പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ ഹിറ്റ് സ്ക്വാഡ് അംഗം കെ വി സഹീർ വീണ്ടും എൻഐഎ കസ്റ്റഡിയിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. കൊലപാതകത്തിൽ പിഎഫ്ഐയുടെ ഉന്നതതല ഗൂഢാലോചനയുമുണ്ടായിട്ടുണ്ടെന്ന് സഹീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാലക്കാട് എ ശ്രീനിവാസൻ വധക്കേസലെ മുഖ്യപ്രതി സഹീറിനെ വിശദമായി ചോദ്യം ചെയ്ത എൻഐഎ സംഘത്തിന് കൊലപാതക ആസൂത്രണവും, കൃത്യവും സംബന്ധിച്ച നിർണായക മൊഴികളാണ് ലഭിച്ചിരിക്കുന്നത്. പിഎഫ്ഐയുടെ പട്ടാമ്പി മുൻ ഏരിയ പ്രസിഡൻ്റായിരുന്ന സഹീർ എ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുമ്പ് നടത്തിയ ഗൂഢാലോചനകളിലും, പിന്നീട് കൃത്യത്തിലും നേരിട്ട് പങ്കെടുത്തിരുന്നു.
പ്രദേശിക നേതാക്കൾക്കുമാത്രമല്ല, സംസ്ഥാന നേതാക്കളുടെ കൂടി അറിവോടെയും നിർദ്ദേശമനുസരിച്ചായിരുന്നു കൊലപാതകമെന്നും ആസൂത്രണത്തിലും കൃത്യത്തിലും പ്രധാന ഭീകര സംഘടനാ നേതാക്കൾ ഒരു പോലെ പങ്കാളികളായിരുന്നതായുമാണ് സഹീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിന് എൻഐ എ കസ്റ്റഡി നീട്ടി ചോദിച്ചത്. 2022 ഏപ്രിൽ 16 മുതൽ സഹീർ ഒളിവിലായിരുന്നു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന സഹീറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 4 ലക്ഷം രൂപയുടെ പാരിതോഷികവും എൻ ഐ എ പ്രഖ്യാപിച്ചിരുന്നു.ഇതിനിടെയാണ് ഇയാൾ പിടിയിലായത്. എ ശ്രീനിവാസൻ വധക്കേസിൽ പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി എ റൗഫ്, സംസ്ഥാന കൗൺസിൽ മുൻ അംഗം യഹിയ തങ്ങൾ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പി എഫ് ഐ യുടെ രാജ്യ വിരുദ്ധ കേസുകൾ, എ ശ്രീനിവാസൻ കൊലപാതകം എന്നിവയിൽ ഒരുമിച്ചുള്ള കുറ്റപത്രം എൻ ഐ എ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ പിടികിട്ടാപ്പുള്ളികളായ 6 പിഎഫ്ഐ ഭീകര സംഘടനാ അംഗങ്ങൾക്കായി വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ച എൻഐഐ ആകെ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments