സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ തെന്നിന്ത്യൻ നടനാണ് ആശിഷ് വിദ്യാർത്ഥി. കഴിഞ്ഞ ദിവസമാണ് അറുപതാം വയസിൽ നടൻ വീണ്ടും വിവാഹിതനായതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. അസമിൽ നിന്നുള്ള രൂപാലി ബറുവയാണ് വധു. നടി ശകുന്തള ബറുവയുടെ മകളാണ് രൂപാലി. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവർ. ഗുവാഹട്ടിയാണ് സ്വദേശം.
എന്നാൽ ഇപ്പോഴിതാ ആശിഷിന്റെ മുൻ ഭാര്യ രജോഷി ബറുവയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. ‘‘ജീവിതത്തിലെ ശരിയായ ആൾ, അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യില്ല. അത് ഓർക്കുക’’, എന്നാണ് ആദ്യത്തെ ഒരു സ്റ്റോറിയിൽ രജോഷി കുറിച്ചത്.
രണ്ടാമത്തെ പോസ്റ്റിൽ ‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പങ്ങൾക്ക് പകരം വ്യക്തത വരണം. സമാധാനവും ശാന്തതയും ജീവിതങ്ങളിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങൾ അത് അർഹിക്കുന്നു’’, എന്നാണ് കുറിച്ചത്. ഇതോടെ ആശിഷിന്റെ രണ്ടാം വിവാഹത്തിൽ രജോഷിക്ക് താല്പര്യമില്ലെന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ആശിഷിന്റെ വിവാഹത്തോടൊപ്പം തന്നെ രജോഷിയുടെ പോസ്റ്റും ചർച്ചാ വിഷയം ആയിരിക്കുകയാണ്.
ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തിൽ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്. വിവാഹ ചടങ്ങ് ലളിതമായി നടത്തിയാൽ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാർത്ഥി വ്യക്തമാക്കി.
ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാർത്ഥി.
Comments