പ്യോങ്ഗ്യാങ്: ഉത്തരകൊറിയയിൽ രണ്ട് വയസായ കുഞ്ഞിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബൈബിൾ കൈവശം വച്ചതിന് പിടികൂടിയ ക്രിസ്ത്യൻ കുടുംബത്തെ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്നും കുടുംബത്തിലെ ചില അംഗങ്ങളെ ജീവപര്യന്തം തടവിന് വിധിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
മതപരമായ ആചാരങ്ങൾ നടത്തുകയും ബൈബിൾ കൈവശം വക്കുകയും ചെയ്ത ദമ്പതികളെ വധശിക്ഷയ്‌ക്ക് വിധിക്കുകയും അവരുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവപര്യന്തം തടവിന് വിധിക്കുകയുമായിരുന്നു. പൊളിറ്റിക്കൽ പ്രിസൺ ക്യാമ്പിൽ 2009-ലായിരുന്നു സംഭവം. സമാനമായ കുറ്റങ്ങൾക്ക് ഉത്തര കൊറിയയിൽ 70,000 ക്രിസ്ത്യാനികളെ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതര മതസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
ഉത്തരകൊറിയയിൽ നീതി നടപ്പിലാക്കുന്നതിന് വേണ്ടി പിന്തുണയ്‌ക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ കൊറിയ ഫ്യൂച്ചർ പുറത്തുവിട്ട റിപ്പോർട്ടിലും സമാനരീതിയിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. മതപരമായ രീതിയിൽ ജീവിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ഉത്തരകൊറിയൻ ഭരണകൂടം പീഡിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മതപരമായ വസ്തുക്കൾ കൈവശം വയ്‌ക്കുകയോ, മതപരമായ ചടങ്ങുകളിൽ പങ്കാളിയാവുകയോ, മതപരമായ രീതിയിൽ ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുക, ഇവർക്ക് ന്യായമായ വിചാരണ നിഷേധിക്കുക, നാടുകടത്തുക, ജീവിക്കാനുള്ള അവകാശം നിഷേധിക്കുക, ലൈംഗിക അതിക്രമത്തിന് വിധേയരാക്കുക എന്നീ കാടത്ത നയങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് കൊറിയ ഫ്യൂച്ചർ റിപ്പോർട്ടിൽ പറയുന്നു.
Comments