ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നാണയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 75 രൂപയുടെ നാണയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നതെന്ന സവിശേഷത കൂടിയുണ്ട്.
പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ലോക്‌സഭാ ചേംബറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നാണയം പുറത്തിറക്കിയത്. ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പുതിയ നാണയത്തിന് 34.65-35.35 ഗ്രാം തൂക്കമുണ്ടെന്നാണ് വിവരം.
നാണയത്തിന്റെ ഒരുവശത്ത് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം 2023 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് അശോകസ്തഭത്തിലെ സിംഹവും ദേവനാഗിരി ലിപിയിൽ ഭാരത് എന്നും ഇംഗ്ലീഷിൽ ഇന്ത്യ എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. സത്യമേവ ജയതേ എന്നും അടിയിൽ കുറിച്ചിട്ടുണ്ട്.
കേവലം രണ്ടര വർഷം കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കപ്പെട്ടത്. രാവിലെ ഏഴരയോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് സർവമത പ്രാർത്ഥനയും ഉദ്ഘാടന ചടങ്ങുകളുടെ ഒന്നാം ഘട്ടത്തിലുണ്ടായിരുന്നു.
Comments