കേന്ദ്ര പദ്ധതികൾക്ക് രാജ്യത്ത് വൻ സ്വീകാര്യതയെന്ന് മാദ്ധ്യമ റിപ്പോർട്ട്. കേരളത്തിലും ഇത് പ്രകടമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൃഷി സൗഹൃദമാക്കാൻ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇതിന് ഉദാഹരണമാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും സോയിൽ ഹെൽത്ത് കാർഡും. കോടികണക്കിന് തുകയാണ് കേന്ദ്രസർക്കാർ സാമ്പത്തിക സഹായമായി നൽകുന്നത്.
കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി 2019-ൽ ആരംഭിച്ച പദ്ധതിയാണ് പിഎം കിസാൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്‌ക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം ലഭ്യമാക്കുന്നു. 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. പദ്ധതിയ്‌ക്ക് കേരളത്തിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. 2023 ഫെബ്രുവരി വരെ 37.5 ലക്ഷം കർഷകരാണ് പദ്ധതിപ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2021-22 സാമ്പത്തിക വർഷത്തിൽ 1,433.8 കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 1,598 കോടി രൂപയും കേരളത്തിലെ ഗുണഭോക്താക്കൾക്ക് കൈമാറി.
സംസ്ഥാന തലത്തിൽ വിവിധ കാർഷിക വിളകളുടെ നടൽ, പരിപാലനം, വിളവെടുപ്പ് എന്നിവ സംബന്ധിച്ചുള്ള കാർഷിക വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇവ സംഘടിപ്പിക്കുന്നത്. വിളകൾക്ക് പുറമേയുള്ള കൃഷികൾക്കും കേന്ദ്രം മികച്ച പിന്തുണയാണ് നൽകുന്നത്. നീൽ ക്രാന്തി മിഷൻ ഇത്തരത്തിലുള്ള പദ്ധതിയാണ്. മത്സ്യകർഷകരുടെ വരുമാനം ഉയർത്താനും മത്സ്യബന്ധനം വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 2014-ൽ പദ്ധതി ആരംഭിച്ചത്. പദ്ധതിയ്‌ക്ക് കീഴിൽ കേരളത്തിൽ ഇതുവരെ 171 കോടി രൂപയാണ് അനുവദിച്ചത്.
ഇത്തരത്തിൽ കേരളത്തിൽ മികച്ച സ്വീകാര്യത നേടിയ മറ്റൊരു പദ്ധതിയാണ് സോയിൽ ഹെൽത്ത് കാർഡ്(എസ്എച്ച്‌സി). കർഷകർക്ക് 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അവരുടെ മണ്ണിന്റെ അവസ്ഥയുടെ ഡാറ്റാ ബുക്ക് നൽകുന്നതാണ് പദ്ധതി. കേരളത്തിലെ 95 ശതമാനം കർഷകരും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 33 ലക്ഷം എസ്എച്ച്‌സി കാർഡുകളാണ് വിതരണം ചെയ്തത്. കിസാൻ കോൾ സെന്റർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങളോടും കേരളത്തിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Comments