തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ നേരിടുന്നത് കടുത്ത അദ്ധ്യാപക ക്ഷാമം. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒരു പോലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. താത്കാലിക അദ്ധ്യാപകരെ നിയമിച്ച് പ്രശ്നം പരിഹരിച്ചു എന്ന് വരുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
സാമ്പത്തിക പ്രതിസന്ധിയാണ് അദ്ധ്യാപക നിയമനത്തിൽ സർക്കാരിനെ പിന്നിലേക്ക് വലിക്കുന്ന ഘടകം. കഴിഞ്ഞ അദ്ധ്യായന വർഷം കുട്ടികൾ വർദ്ധിച്ചതിനാൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ 6005 അധിക തസ്തികകൾ കൂടി സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്മേൽ ധനവകുപ്പിന് ശുപാർശയും നൽകിയിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പട്ടികയ്‌ക്ക് അംഗീകാരം നൽകാതിരിക്കുകയായിരുന്നു.
ഭിന്നശേഷി സംവരണം ചൂണ്ടിക്കാട്ടി നിയമിതരായ അദ്ധ്യാപകർക്ക് അംഗീകാരം നൽകാതിരുന്നത് മറ്റൊരു വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. 2018-മുതൽ നിയമിക്കപ്പെട്ട സർക്കാർ സ്‌കൂളുകളിലെ 3,080 തസ്തികകളും മേഖലയിലെ 2,925 തസ്തികകളുമാണ് ആശയക്കുഴപ്പത്തിൽ കുരുക്കിലായി കിടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെ വിരമിച്ചവരുടെ എണ്ണം കൂടി വരുന്നതോടെ അദ്ധ്യാപക ക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപക നിയമനമാണ് പരിഹാരമാർഗ്ഗമായി സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്. എന്നാൽ അദ്ധ്യായന വർഷം ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മുൻ വർഷത്തെ തസ്തിക നിർണത്തിന്റെ ബാക്കിയായാണ് ഇത്തവണ നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ ഈ വർഷത്തെ തസ്തിക നിർണയവും പ്രതിസന്ധിയിലാകും.
Comments