ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാൽ സിംഹത്തിന്റെ ഗുഹ എന്നാണ് അർഥം.ആന്ധ്രാ പ്രദേശിലെ കുർണൂൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതിയിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദൂരത്തിൽ നല്ലമല മലനിരകളിൽ ഉള്ള നവ നരസിംഹ സ്വാമി ക്ഷേത്രങ്ങളിലെക്ക് ഒരു യാത്രയുടെ വിവരണമാണിത്.
നല്ലമല മലനിരകൾ ആദി ശേഷന്റെ രൂപമായി ആണ് കണക്കാക്കപ്പെടുന്നത്.തല ഭാഗം തിരുപ്പതിയും ഉദരഭാഗം അഹോബിലവും വാൽ ഭാഗം ശ്രീ ശൈലം മലനിരകളും ആണെന്നാണ് സങ്കൽപ്പം.ദേശീയ പാതയിലെ അല്ലഗഡ്ഡ എന്ന സ്ഥലത്ത് നിന്നും ഏകദേശം 24 കിലോമീറ്റർ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന അഹോബിലത്തിൽ എത്തിച്ചേരുക ഒരു ദുഷ്കരമായ പാതയിലൂടെയാണ്.തിരുപ്പതിയിൽ നിന്നും 250 കിലോമീറ്ററും കുർണൂളിൽ നിന്ന് 120 കിലോമീറ്ററും കടപ്പയിൽ നിന്ന് 92 കിലോമീറ്ററും ആണ് അഹോബിലത്തിലേക്കുള്ള ദൂരം.ഇവിടെ നരസിംഹ സ്വാമിയുടെ 9 സ്വയംഭൂ ക്ഷേത്രങ്ങളും ഒരു പ്രതിഷ്ഠ ക്ഷേത്ര സമുച്ചയവും നമ്മൾക്ക് കാണാൻ കഴിയും. അഹോബിലത്തിലെ ക്ഷേത്രങ്ങളെ നമുക്ക് അപ്പർ അഹോബിലം അഥവാ യെഗൂവ അഹോബിലം എന്നും എന്നും ലോവർ അഹോബിലം അഥവാ ദ്വിഗുവാ അഹോബിലം എന്നും എന്നും രണ്ടായി തരം തിരിക്കാം.
ഏകദേശം 4 കിലോമീറ്റർ വരുന്ന ദുർഘടമായ പാതയിലൂടെ വടി ഊന്നി മാത്രം സഞ്ചരിക്കാൻ പറ്റുന്ന കല്ലുകളും പാറകളും നിറഞ്ഞ വഴി ഒരു അപൂർവ്വ അനുഭവം തന്നെയാണ്.4 ക്ഷേത്രങ്ങൾ ആണ് പ്രധാനമായും ഈ മേഖലയിൽ ഉള്ളത്.ഓരോ ക്ഷേത്രത്തിനും അതിൻ്റേതായ പൗരാണിക പ്രാധാന്യം ഉണ്ട്.കൃഷ്ണദേവരായരുടെ വിപുലമായ സാമ്രാജ്യത്തിന്റെ വടക്കേ അറ്റത്തായാണ് അഹോബിലം സ്ഥിതി ചെയ്യുന്നത്. പറയത്തക്ക വികസനം ഒന്നും എത്തിയിട്ടില്ല എങ്കിലും അതിപുരാതനമായ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ നമുക്ക് ഇപ്പോഴും ഇവിടെ കാണാൻ സാധിക്കും.
അപ്പർ അഹോബിലം: ഇതിൽ നാല് ക്ഷേത്രങ്ങളാണ് പ്രധാനമായി സ്ഥിതിചെയ്യുന്നത്. ആ ക്ഷേത്രങ്ങൾ
1) *അഹോബില നരസിംഹം*
2) *ക്രോധ നരസിംഹം*
3) *മാലോല നരസിംഹം*
4) *ജ്വാല നരസിംഹം*
നല്ലമല പർവ്വത നിരകളിൽ സ്ഥിതിചെയ്യുന്ന അഹോബിലത്തിലെ ഗരുഡാദ്രി എന്ന കുന്നിനു മുകളിലാണ് നാല് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
1) അഹോബില നരസിംഹം :
അപ്പർ അഹോബിലത്തിലെ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അഹോബിലം നരസിംഹക്ഷേത്രം. ഇത് വർഷങ്ങളായി തപസ്സ് ചെയ്ത ഗരുഡന് ഗരുഡാദ്രി മലനിരകളിലുള്ള ഒരു ഗുഹക്കുള്ളിൽ നരസിംഹസ്വാമി ദർശനം നൽകിയ സ്ഥലമാണ് ആണ് അഹോബിലം നരസിംഹക്ഷേത്രം. ഉഗ്രനരസിംഹ രൂപത്തിലാണ് ഇവിടെ നരസിംഹമൂർത്തി സ്ഥിതിചെയ്യുന്നത് . സമീപത്തായി പത്മാസനത്തിൽ വസിക്കുന്ന ലക്ഷ്മിയേയും ഇവിടെ കാണാൻ സാധിക്കും.
2) ക്രോധ നരസിംഹം അഥവാ വരാഹ നരസിംഹം
ഇവിടെ ക്രോധ ഭാവത്തിലുള്ള നരസിംഹസ്വാമിയെ ആണ് നമ്മൾക്ക് ദർശിക്കാൻ കഴിയുക. വരാഹ രൂപത്തിലുള്ള നരസിംഹസ്വാമി യുടെ സ്വയംഭൂ ക്ഷേത്രമാണ് ഇത്. ഹിരണ്യകശിപുവിന് വരം കൊടുത്ത ബ്രഹ്മാവിനെ മഹാവിഷ്ണു കോപത്താൽ ദർശിക്കുന്നു. അപ്പോൾ ഭയച്ചകിതനായ ബ്രഹ്മാവിന്റെ കയ്യിൽനിന്നും വേദപുസ്തകങ്ങൾ ഭൂമിയിലേക്ക് വീണു പോകുന്നു. വേദപുസ്തകങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ ഭൂമിദേവി അത് പാതാളത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിൽ ഭയചകിതനായ ബ്രഹ്മാവ് വിഷ്ണുവിനെ കണ്ടു വേദപുസ്തകങ്ങൾ തിരികെ വേണം എന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ ക്രോധ ഭാവത്തിലുള്ള ഉള്ള വിഷ്ണു ബ്രഹ്മാവിനോട് ദേഷ്യപ്പെട്ടു കൊണ്ട് വരാഹ രൂപത്തിൽ നരസിംഹാവതാരത്തിൽ പ്രത്യക്ഷപ്പെടുന്ന ഇടമാണ് ക്രോധ നരസിംഹം.അതിനു ശേഷം പാതാളത്തിൽ നിന്ന് വേദങ്ങൾ തിരിച്ച് എടുത്ത് ഭൂമിദേവിയെ തന്റെ ഒറ്റ കൊമ്പിൽ ഇരുത്തിക്കൊണ്ട് ബ്രഹ്മാവിന് ദർശനം നൽകുന്നു.
3) മാലോല നരസിംഹം
ചെഞ്ചു എന്ന ആദിവാസി ഗോത്രത്തിൽ പെട്ട ലക്ഷ്മീദേവിയുടെ പ്രതിരൂപമായ ചേഞ്ചു ലക്ഷ്മിയുമായി നരസിംഹ ദേവൻ വസിക്കുന്ന ഇടമാണ് മാലൊല നരസിംഹ സ്വാമി സന്നിധി.മാ എന്നാൽ അമ്മ എന്നും ലോല എന്നാൽ സ്നേഹം എന്നും അർഥം.സാന്തസ്വരൂപനായ നരസിംഹ രൂപത്തിലാണ് നമുക്ക് ഇവിടെ ദർശനം ലഭിക്കുന്നത്.
4) ജ്വാലാ നരസിംഹം
ഉള്ളതിൽ വെച്ച് ഏറ്റവും ഉഗ്രരൂപിയായ നരസിംഹ സ്വയംഭൂ ആണ് ജ്വാല നരസിംഹം ഹിരണ്യ കശിപുവിനെ വധിക്കാൻ ഉഗ്രരൂപം പൂണ്ട് തൂണ് പിളർന്ന് വന്ന ജ്വാല നരസിംഹം 8 കൈകൾ ഉള്ള രൂപത്തിൽ ഹിരണ്യ കശിപുവിനെ മടിയിൽ കിടത്തി മാറു പിളർക്കുന്ന രൂപത്തിൽ ആണ് ഇവിടെ ദർശനം നൽകുന്നത്.ആഹോബില നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്നും ഏകദേശം 2.5 കിലോമീറ്റർ പാറകളും മലയും അരുവികളും താണ്ടി വേണം ഈ കുന്നിൻ മുകളിലേക്ക് എത്തിച്ചേരാൻ.ഭാവനാശിനി പുഴയുടെ ഉത്ഭവസ്ഥാനം എന്ന് കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ എത്തിച്ചേരണമെങ്കിൽ മലമുകളിൽ നിന്ന് വരുന്ന ജലസ്രോതസ്സിന് കീഴെ നനഞ്ഞ് വേണം നടന്ന് പോകുവാൻ… ഹിരണ്യ കശിപുവിനെ കൊട്ടാര വാതിൽക്കൽ വെച്ച് വധിക്കുന്ന രൂപത്തിൽ ആണ് ഇവിടെ ദർശനം.കൊട്ടാരത്തിലെ തൂണ് രണ്ടായി പിളർന്ന് നിൽക്കുന്ന രീതിയിൽ ഉള്ള ഉഗ്ര സ്തംഭവും നമുക്ക് ഇവിടെ നിന്ന് കാണാൻ കഴിയും.ഹിരണ്യ വധത്തിന് ശേഷം കൈ കഴുകിയ രക്ത കുണ്ഡമെന്ന് അറിയപ്പെടുന്ന ചെറിയ നീരുറവയിലെ ജലം ഇന്നും രക്ത നിറത്തിൽ കാണപ്പെടുന്നത് ഒരു അദ്ഭുതം തന്നെയാണ്.
ലോവർ ആഹോബിലം
ഇവിടെ പ്രധാനമായും നാല് നരസിംഹ ക്ഷേത്രങ്ങളാണ് ഉള്ളത്
1) *യോഗാനന്ദ നരസിംഹം*
2) *ഛത്രവട നരസിംഹം*
3) *പാവന നരസിംഹം*
4) *ഭാർഗ്ഗവ നരസിംഹം*
1) യോഗാനന്ദ നരസിംഹം
പ്രഹ്ലാദനെ യോഗ അഭ്യസിപ്പിക്കുന്ന യോഗാസനസ്ഥനായ നരസിംഹം ആണ് ഇവിടെ നമുക്ക് ദർശനം നൽകുന്നത്…യോഗ പാഠങ്ങൾ അഭ്യസിക്കുന്ന പ്രഹ്ലാദനെയും ഇവിടെ കാണാം.
2) ഛത്രവട നരസിംഹം
ഛത്രം എന്നാൽ കുട.വടം എന്നാൽ ആൽമരം.ആൽമരത്തിന്റെ കീഴെ വസിക്കുന്ന നരസിംഹ സ്വാമിയാണ് ഇവിടെ നമ്മൾക്ക് ദർശനം നൽകുന്നത്.ഹാഹാ എന്നും ഹൂ ഹൂ എന്നും പേരുള്ള രണ്ട് ഗന്ധർവ്വന്മാർ സംഗീതം ആലപിച്ച് കൊണ്ട് ഇത് വഴി കടന്നു പോകുന്നത് കണ്ട നരസിംഹ സ്വാമി ഈ ആൽമരത്തിന്റെ കീഴിൽ ഇരുന്നു കൊണ്ട് സംഗീതം ആസ്വദിച്ചതായാണ് ഇവിടത്തെ ഐതിഹ്യം പറയുന്നത്.സംഗീത പ്രിയനായ നരസിംഹ സ്വാമി സന്നിധിയിൽ സംഗീത പ്രേമികൾ ഒരുപാട് വന്നു അനുഗ്രഹം നേടി പോകാറുണ്ട്.
3) പാവന നരസിംഹം
9 നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശാന്ത സ്വരൂപമായ പാവന രൂപത്തിലാണ് ഇവിടെ നമുക്ക് നരസിംഹ സ്വാമിയേ ദർശിക്കാൻ കഴിയുക.ആദിവാസി ഗോത്രക്കാരി ആയ ലക്ഷ്മിയുടെ പ്രതിരൂപമായി ചെഞ്ചൂ ലക്ഷ്മിയെ ഇവിടെ വെച്ച് വിവാഹം കഴിച്ചതായാണ് സങ്കൽപ്പം.എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ ആയിരക്കണക്കിന് ഭക്തർ ആണ് മൃഗബലി നൽകാനായി മൃഗങ്ങളെയും കൊണ്ട് വന്ന് ചേരുന്നത്… മൃഗങ്ങളെ ബലി നൽകിയ ശേഷം കല്യാണ വിരുന്നിനു സമാനമായി അവിടെ വെച്ച് തന്നെ ആഹാരം പാകം ചെയ്ത് കഴിക്കുകയും രാത്രിയിൽ അവിടെ കഴിച്ച് കൂട്ടി അതിരാവിലെ ദർശനം കഴിഞ്ഞ് മടങ്ങുക ആണ് ഇവിടുത്തെ പതിവ്.
4) ഭാർഗ്ഗവ നരസിംഹം
പരശുരാമൻ നരസിംഹ സ്വാമിയെ തപസ്സു ചെയ്ത സ്ഥലത്ത് ഉള്ള ക്ഷേത്രമാണ് ഇത്. ഹിരണ്യ കശിപു വധം ചെയ്ത അതേ രൂപത്തിൽ തനിയ്‌ക്ക് ദർശനം നൽകണം എന്ന് ആവശ്യപ്പെട്ട പരശുരാമന് അതേ രൂപത്തിൽ ഇവിടെ വെച്ച് ദർശനം നൽകി അനുഗ്രഹിച്ചു.ഇവിടെ ക്ഷേത്രത്തിന് ചേർന്നുള്ള അക്ഷയ തീർത്ഥം എന്ന കുളത്തിൽ ഒരിക്കലും ജലം വറ്റാത്ത ഉറവ നമുക്ക് കാണാം.
1) കാരാഞ്ച നരസിംഹം
അപ്പർ അഹോബിലത്തിനും ലോവർ ആഹോബിലത്തിനും നടുവിലായി സ്ഥിതി ചെയ്യുന്ന നരസിംഹ ക്ഷേത്രമാണ് കാരാൻച നരസിംഹ ക്ഷേത്രം.കാരഞ്ച മരം അഥവാ പൊങ്ങം മരത്തിനു കീഴെ ഇരുന്നു ശ്രീരാമനെ തപസ്സു ചെയ്ത ഹനുമാന് മുൻപിൽ പ്രത്യക്ഷപ്പെട്ടത് നരസിംഹ സ്വാമി ആയിരുന്നു.ശ്രീരാമനെ തപസ്സു ചെയ്ത തന്റെ മുന്നിൽ നിൽക്കുന്ന ഗംഭീര രൂപത്തേക്കണ്ട് ആശയക്കുഴപ്പത്തിലായ ഹനുമാനോട് എല്ലാം ഒരു ദൈവം ആണെന്നും വിഷ്ണുവിന്റെ പ്രതിരൂപങ്ങൾ ആണെന്നും ഒക്കെ പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല.ഒടുവിൽ ശംഖു ചക്ര രൂപിയായി ദർശനം നൽകുന്ന നരസിംഹം ആണ് ഇവിടെ ഉള്ളത്.
ഈ ഒമ്പത് ക്ഷേത്രങ്ങൾക്കും കാവൽക്കാരായി ഒരു നവഗ്രഹ സങ്കൽപ്പം കൂടി ഉണ്ട്.ഓരോ ക്ഷേത്രത്തിലും അതാത് നവഗ്രഹങ്ങൾ കുടി കൊള്ളുന്നു എന്നാണ് സങ്കൽപ്പം.അത് ഇങ്ങനെയാണ്.
യോഗാനന്ദ നരസിംഹം (ശനി)
ജ്വാല നരസിംഹം (കുജൻ)
ഭാർഗ്ഗവ നരസിംഹം (സൂര്യൻ)
ച്ഛത്രവട നരസിംഹം (കേതു)
വരാഹ നരസിംഹം (രാഹു)
മാലോല നരസിംഹം (ശുക്രൻ)
പാവന നരസിംഹം (ബുധൻ)
കാരഞ്ചാ നരസിംഹം (ചന്ദ്രൻ)
അഹോബില നരസിംഹം (ഗുരു)
പ്രവീൺ എൻ പി
Comments