പത്തനംതിട്ട: വനാതിർത്തിയിലൂടെ അരിക്കൊമ്പൻ വെച്ചൂച്ചിറയിലെത്തി. വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിലാണ് സംഭവം. അരിക്കൊമ്പൻ എന്ന് പേര് നൽകിയ റോബോട്ടിക് ആനയാണ് ഇക്കൊല്ലത്തെ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത്. ഇലട്രിക്ക് ആനയെ കണ്ടതോടെ കുട്ടികൾ ആവേശത്തിലായി. രാവിലെ മുതൽ അരിക്കൊമ്പനെ കാണാൻ കുട്ടികൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് വിദ്യാലയത്തിലെത്തിയത്. കുട്ടികളെ വരവേറ്റ അരിക്കൊമ്പൻ അവർക്ക് സല്യൂട്ട് നൽകിയും ചെയ്തു.
സൗഹൃദഭാവത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോൾ കുരുന്നുകൾക്ക് അത്ഭുതമായി. ചിന്നക്കനാലിലും കമ്പത്തും ജനങ്ങളുടെ പേടി സ്വപ്നമായ അരിക്കൊമ്പൻ ഇത്ര പാവമായോ എന്നാണ് കുട്ടികളുടെ സംശയം. ആനയെ തൊട്ടും തലോടിയും ആന ഒരു ഭീകര ജീവി അല്ല എന്നാണ് ഇപ്പോൾ കുട്ടികൾ പറയുന്നത്. എല്ലാവർഷത്തെയും പോലെ ഇക്കൊല്ലവും എണ്ണൂറാംവയൽ സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്തമാക്കുകയായിരുന്നു അധികൃതർ.
പ്രവേശനോത്സവ ദിനത്തിൽ അരിക്കൊമ്പനെ എത്തിക്കുമെന്ന് കുട്ടികൾക്ക് പ്രധാനാധ്യാപകനും സഹ അധ്യാപകരും നേരത്തെ ഉറപ്പ് നൽകിയിരുന്നു. ആനയെ കൂടാതെ അന്യഗ്രഹ ജീവികൾ, പറക്കുംതളികകൾ, സ്പേസ് ഷിപ്പുകൾ, ആകാശ ഗോളങ്ങൾ തുടങ്ങിയവയും കുട്ടികളെ ആകർഷിക്കാനായി സ്കൂളിൽ ഉണ്ടായിരുന്നു.
Comments